വിമാനത്താവളത്തിൽ വച്ച് രാഷ്ട്രീയ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി (ഇപിഎസ്)ക്കെതിരെ മധുര ആവണിയാപുരം പൊലീസ് കേസെടുത്തു. അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) പാർട്ടി പ്രവർത്തകന്റെ പരാതിയിലാണ് നടപടി.
എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായ ഇപിഎസ് ശിവഗംഗയിൽ പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ ചെന്നൈയിൽ നിന്ന് മധുരയിലേക്ക് പോകുമ്പോഴാണ് സംഭവം.
വിമാനത്താവളത്തിൽ നിന്ന് ഷട്ടിൽ ബസിൽ പോകുമ്പോൾ രാജേശ്വരൻ എന്നയാൾ ബസിനുള്ളിൽ വച്ച് ഇപിഎസിനെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ അടുത്ത സഹായിയായ എഐഎഡിഎംകെ നേതാവ് ശശികലയെ ഇപിഎസ് വഞ്ചിച്ചുവെന്ന് ആരോപിച്ച് രാജേശ്വരന്‍ ഫേസ്ബുക്കിൽ ലൈവ് റെക്കോഡ് ചെയ്യാനും തുടങ്ങി. ഇതില്‍ പ്രകോപിതനായ ഇപിഎസിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ രാജേശ്വരന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. വിമാനത്താവളത്തില്‍ ഇപിഎസിനെ കാത്തുനിന്നിരുന്ന എഐഎഡിഎംകെ പ്രവർത്തകർ സംഭവമറിയുകയും രാജേശ്വരനെ വളഞ്ഞിട്ട് ആക്രമിക്കുകയും ആയിരുന്നു.
ഇരു കക്ഷികളും പരാതി നൽകിയിട്ടില്ലെന്നായിരുന്നു ആവണിയാപുരം പൊലീസ് പറഞ്ഞത്. എന്നാൽ ഇപിഎസ്, അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ കൃഷ്ണൻ, ശിവഗംഗ എംഎൽഎ സെന്തിൽനാഥൻ, മുൻ മന്ത്രി മണികണ്ഠൻ എന്നിവർക്കെതിരെ രാജേശ്വരൻ പരാതി നൽകിയിരുന്നു. പൊതുസ്ഥലത്ത് ഇപിഎസിനെ ചീത്തവിളിച്ചു എന്ന കുറ്റത്തിന് രാജേശ്വരനെതിരെയും ആവണിയാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
English Summary: A case against A Palaniswami for assaulting a person who went live on FB
You may also like this video

