Site iconSite icon Janayugom Online

അതിജീവിതയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിൽ നൽകിയ ഹർജിയിലാണ് ഇന്ന് വിധി പറയുക.

നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യഹർജി നൽകിയിരുന്നുവെങ്കിലും, അത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം കീഴ്‌ക്കോടതിയെ വീണ്ടും സമീപിച്ചത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ചോദ്യം ചെയ്യുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഹർജി നൽകിയിരിക്കുന്നത്. അതേസമയം, പോലീസ് കള്ളക്കേസ് എടുത്തതായി ആരോപിച്ച് രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടരുകയാണ്.

കേസിലെ നാലാം പ്രതിയായ കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യ ഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരുന്നെങ്കിലും ജഡ്ജി അവധിയിലായതിനാൽ ചുമതലയുള്ള മറ്റൊരു കോടതിയിലേക്കാണ് ഹർജി മാറ്റിയത്. അതിജീവിതക്കെതിരായ സൈബർ അധിക്ഷേപ പരാതിയിൽ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Exit mobile version