Site iconSite icon Janayugom Online

പതിനാറുകാരനെ പീഡിപ്പിച്ച കേസ്; ട്രാൻസ്ജെന്ററിന് ഏഴ് വർഷം കഠിന തടവ്

പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാൻസ്ജെന്ററിന് ഏഴ് വർഷം കഠിന തടവ്. ചിറയിൻകീഴ് ആനന്ദലവട്ടം എൽപിഎസിന് സമീപം സൻജു സാംസണ്‍ (34) ആണ് പ്രതി. ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെന്ററെ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു. 

2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴില്‍ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയും തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞിരുന്നില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാൻ തയ്യാറായില്ല. 

പ്രതി ഫോണിലൂടെ നിരന്തരം മെസേജുകൾ അയച്ചതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ട അമ്മ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പറയുന്നത്. തമ്പാനൂർ പൊലീസിനെ അമ്മ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നിർദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകൾ അയച്ച് തമ്പാനൂരില്‍ വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി ട്രാൻസ് വുമൺ ആയി മാറി. സംഭവ സമയത്തും ട്രാൻസ്ജെന്ററായിരുന്നെന്നും ഷെഫിൻ എന്നായിരുന്നു പേരെന്നും പ്രതി വാദിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ എം മുബീന, ആർ വൈ അഖിലേഷ് എന്നിവര്‍ ഹാജരായി. കേസില്‍ പ്രോസിക്യൂഷൻ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകൾ ഹാജരാക്കി. തമ്പാനൂർ എസ്ഐയായിരുന്ന എസ് പി പ്രകാശാണ് കേസ് അന്വേഷിച്ചത്.

Eng­lish Summary;A case of molest­ing a 16-year-old; Trans­gen­der sen­tenced to sev­en years rig­or­ous imprisonment

You may also like this video

Exit mobile version