ആറു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 65 വർഷം കഠിനതടവ്. കുട്ടിയുടെ അയല്‍വാസിയായപ്രതി രാഹുനെ (30) യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി കഠിനതടവിന് വിധിച്ചത്. ഇതിനുപുറമെ 60,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക ഇരയായ പെണ്‍കുട്ടിക്ക് നൽകണം. അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് പ്രതി അനുഭവിക്കണം. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ രേഖ വിധി ന്യായത്തിൽ പറഞ്ഞു. 2023 ഏപ്രിൽ ഏഴ്, 10, 17 തീയതികളിൽ ആണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്നാണ് കേസ്.
പീഡന സമയത്ത് കുട്ടി ഉറക്കെ കരഞ്ഞപ്പോൾ കുട്ടിയുടെ പാവാട വായിൽ തിരുകി കയറ്റുകയായിരുന്നു പ്രതി. ഇത് കൂടാതെ പുറത്ത് പറഞ്ഞാൽ അടിക്കുമെന്ന് ഭീഷണിപെടുത്തി. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ പ്രതിയെ ഭയന്ന് കുട്ടി വീട്ടിൽ പറഞ്ഞില്ല. പരിക്ക് ഗുരുതരമായതിനെ തുടർന്ന് കുട്ടി കരഞ്ഞെങ്കിലും എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയില്ല. കുട്ടിയോട് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
വൈദ്യ പരിശോധനയില്‍ കുട്ടി ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഒരു മാസത്തിനുള്ളിലാണ് കേസിന്റെ വിചാരണ പൂർത്തീകരിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് പ്രസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകൾ ഹാജരാക്കി. വനിതാ പൊലീസ് സ്റ്റേഷൻ എസ് ഐ ആശാ ചന്ദ്രൻ, പേരൂർക്കട സിഐ വി സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
English Summary: A case of molesting a six-year-old girl; 65 years rigorous imprisonment for the accused
You may also like this video