Site icon Janayugom Online

ബ്രിജ്ഭൂഷണിനെതിരെ കേസെടുത്തു

brijbhushan

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണിനെതിരായ ലൈംഗീകാതിക്രമ ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് എഫ്ഐആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രിജ്ഭൂഷണിനെതിരെ കേസെടുക്കുമെന്ന് സുപ്രീം കോടതിയെ ഇന്നലെ ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത താരം ഉള്‍പ്പെടെ ഏഴ് വനിതാ താരങ്ങളാണ് പരാതിയുമായി ഡല്‍ഹി പൊലീസിനെ സമീപിച്ചത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് കാലതാമസം വരുത്തിയതോടെയാണ് താരങ്ങള്‍ സുപ്രീം കോടതിയിലെത്തിയത്. പരാതിക്കാര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് താരങ്ങളുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയായ താരത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി പൊലീസിനോടു നിര്‍ദേശിച്ചു. അതേസമയം ഹര്‍ജി തീര്‍പ്പാക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം കോടതി തള്ളി. അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ വിശദാംശങ്ങള്‍ കേസ് പരിഗണനയ്ക്കു വരുമ്പോള്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സുപ്രീം കോടതിയില്‍ വിശ്വാസമുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസില്‍ യാതൊരു വിശ്വാസവുമില്ല. ബ്രിജ്ഭൂഷണ്‍ സരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുംവരെ സമര പരിപാടികള്‍ തുടരുമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു. പദവികളെല്ലാം എടുത്തു കളഞ്ഞ് ഭൂഷണിനെ ജയിലിലടയ്ക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: A case was reg­is­tered against Brijbhushan

You may also like this video

Exit mobile version