Site iconSite icon Janayugom Online

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ച കേസ്; ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം ചാക്കയില്‍ റോ‍ഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. ആറ്റിങ്ങല്‍ ഇടവ സ്വദേശിയായ കബീര്‍ എന്ന് വിളിക്കുന്ന ഹസന്‍കുട്ടിക്കുള്ള ശിക്ഷ തിരുവനന്തപുരം പോക്സോ കോടതി വിധിക്കും. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നാടൊന്നാകെ തിരഞ്ഞ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടി മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഹസന്‍കുട്ടി വേഷം മാറി നടക്കുന്നതിനിടെ പതിമൂന്ന് ദിവസത്തിന് ശേഷമാണ് പിടിയിലായത്. 

2024 ഫെബ്രുവരി പത്തൊന്‍പതിനായിരുന്നു സംഭവം. ചാക്കയ്ക്ക് സമീപം നാടോടികളായ ഹൈദരാബാദുകാരായ ദമ്പതികള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ ഹസന്‍കുട്ടി തട്ടിയെടുത്തു. ബ്രഹ്മോസിന് പിന്നിലുള്ള പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കൾ പരാതി നല്‍കുകയും സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയുമായിരുന്നു. അടുത്തദിവസം വൈകുന്നേരം ഏഴര മണിയോടെ ബ്രഹ്മോസ് മതിലിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്ന് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയെ ഉടന്‍ തന്നെ എസ് എ ടി ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. 

അന്വേഷണത്തില്ർ മുഖം മറച്ച് ഒരാള്‍ നടന്ന് നീങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത് നിര്‍ണായകമായി. നൂറിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പതിമൂന്നാം ദിവസം കൊല്ലത്ത് നിന്നും ഹസന്‍കുട്ടി പിടിയിലായി. തട്ടിക്കൊണ്ടുപോയതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ ഹസന്‍കുട്ടി പളനിയിലെത്തി തലമൊട്ടയടിച്ച് ആള്‍മാറാട്ടത്തിനും ശ്രമിച്ചു. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തില്‍ പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും കേസില്‍ വഴിത്തിരിവായി. കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധനയില്‍ ഒന്നാണെന്ന് കണ്ടെത്തി. പേട്ട പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ ശ്രീജിത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും, 11 തൊണ്ടിമുതലുകളും ഹാജരാക്കി. 

Exit mobile version