Site iconSite icon Janayugom Online

തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി സ്വജീവിതം നീക്കിവെച്ച കമ്യൂണിസ്റ്റ്; വാഴൂർ സോമൻ എംഎല്‍എ യുടെ നിര്യാണത്തിൽ ബിനോയ് വിശ്വം അനുശോചിച്ചു

തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കും ജീവിതാഭിവൃദ്ധിക്കും വേണ്ടി സ്വജീവിതം നീക്കിവെച്ച ഉത്തമനായ കമ്യൂണിസ്റ്റും മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു വാഴൂർ സോമനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിക്കുകയും ശാരീരികമർദ്ദനങ്ങളടക്കമുള്ള ത്യാഗങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു അദ്ദേഹം ജനപ്രതിനിധിയായപ്പോഴും അല്ലാത്തപ്പോഴും ഇടുക്കി ജില്ലയിലെ ജനങ്ങളുടെ സവിശേഷമായ വിഷയങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. 

എഐടിയുസിയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയിലും തോട്ടം തൊഴിലാളി ഫെഡറേഷന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലും തൊഴിലാളി സമരങ്ങളുടെ മുൻനിരയിൽ എക്കാലവും അദ്ദേഹം നിലയുറപ്പിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും നിലവിൽ കേരള നിയമസഭാംഗം എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇടതുപക്ഷ ഐക്യത്തിന്റെ ശക്തനായ വക്താവും പോരാളിയുമായിരുന്നു വാഴൂർ സോമൻ. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും തൊഴിലാളി പ്രസ്ഥാനത്തിനും സഖാവിന്റെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ബിനോയ് വിശ്വം അനുശോചന കുറിപ്പിൽ പറഞ്ഞു.

Exit mobile version