Site iconSite icon Janayugom Online

അധികാരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആര്‍ജവം കാണിച്ച കമ്യൂണിസ്റ്റ് ; കെ പ്രകാശ് ബാബു

pbpb

അറുപത്തിനാലാം വയസില്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കാനെടുത്ത തീരുമാനത്തില്‍ നിന്നും പല പ്രലോഭനങ്ങളുണ്ടായിട്ടും പിന്‍മാറാത്ത, ആദര്‍ശവാനായ കമ്യൂണിസ്റ്റായിരുന്നു സി അച്യുതമേനോന്‍ എന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. കോസ്റ്റ്ഫോര്‍ഡും സി അച്യുതമേനോന്‍ പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ‘സിഅച്യുതമേനോന്‍ സ്മൃതി‘യില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം അധികാരത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കാനും വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കും റഷ്യന്‍ അംബസഡര്‍ സ്ഥാനത്തേക്കുമെല്ലാമുള്ള ക്ഷണങ്ങളെ രണ്ടാമതൊന്ന് ആലോചിക്കാതെ തിരസ്കരിക്കാനും ആര്‍ജവം കാണിച്ച കമ്യൂണിസ്റ്റായിരുന്നു സി അച്യുതമേനോന്‍. 

പൊതുപ്രവര്‍ത്തനം ഒരു തപസ്യയായി കണ്ടിരുന്ന അച്യുതമേനോനെ പോലെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നുവെന്ന് പുതുതലമുറക്ക് ഒരു പക്ഷെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. രാഷ്ട്രശില്പിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെ പോലെ കേരളത്തിന്റെ വികസന ശില്പിയായിരുന്നു സി അച്യുതമേനോന്‍. തികഞ്ഞ ജനാധിപത്യ വാദിയായ അദ്ദേഹം ജനാധിപത്യത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു പ്രവര്‍ത്തനവും നടത്തിയില്ല. ലക്ഷ കണക്കിന് ഹെക്ടര്‍ സ്വകാര്യവനവും ബ്രിട്ടിഷ് കമ്പനി കൈവശപ്പെടുത്തി അനുഭവിച്ചിരുന്ന കണ്ണന്‍ ദേവന്‍ തോട്ടങ്ങളും ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാര്‍ തിരിച്ചു പിടിച്ചത് അദ്ദേഹത്തിന്റെ കാലത്ത് സുപ്രീകോടതിവരെ കയറിയ നിരവധി നിയമപോരാട്ടങ്ങളിലൂടെയായിരുന്നു. 

20 ലക്ഷത്തിലേറെ വരുന്ന കുടിക്കിടപ്പുക്കാര്‍ക്ക് ഭൂമി നല്‍കിയ നടപടികളും അച്യുതമേനോന്‍ എന്ന ഭരണാധികാരിയുടെ നിരവധിയായ നേട്ടങ്ങളില്‍ ചിലതുമാത്രമാണെന്ന് പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു. പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷതവഹിച്ച ചടങ്ങില്‍ എസ് എം വിജയാനന്ദും അച്യുതമേനോനെ അനുസ്മരിച്ചു. പ്രമുഖ പൊതുനയ രൂപീകരണ വിദഗ്ധയും ബ്രൗണ്‍ യൂണിവേഴ്സിറ്റി സീനിയര്‍ വിസിറ്റിംഗ് ഫെല്ലോയുമായ യാമിനി അയ്യര്‍ അച്യുതമേനോന്‍ സ്മാരക പ്രഭാഷണം നടത്തി. സി അച്യുതമേനോന്‍ പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ ഡോ വി രാമന്‍കുട്ടി, കോസ്റ്റ്ഫോര്‍ഡ് ഡയറക്ടര്‍ ഡോ എം എന്‍ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. 

Exit mobile version