ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്ന തമിഴ‌്നാട്ടില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ വീണ്ടും പരാതി നല്‍കാന്‍ എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍. പക്ഷപാത നിലപാടുമായി മുന്നോട്ട് പോകുന്ന ഗവര്‍ണര്‍, ഭരണഘടന അനുശാസിക്കുംവിധമല്ല പ്രവര്‍ത്തിക്കുന്നതെന്ന് രാഷ്ട്രപതിക്ക് നല്‍കുന്ന കത്തില്‍ പറയുന്നു. 13ന് സംസ്ഥാന നിയമ മന്ത്രി എസ് രഘുപതി, രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്ത് കൈമാറും.
ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ ബാലു, എംപിമാരായ എ രാജ, പി വില്‍സണ്‍, എന്‍ ആര്‍ ഇളങ്കോ എന്നിവരും കത്ത് കൈമാറാന്‍ സന്നിഹിതരാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവര്‍ണര്‍ പദവിയില്‍ ചുമതലയേറ്റ നാള്‍ മുതല്‍ ആര്‍ എന്‍ രവിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ ഭരണഘടനാ ലംഘനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ടി ആര്‍ ബാലു പറഞ്ഞു.
സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ പോലും ഗവര്‍ണര്‍ വീഴ്ച വരുത്തി. സത്യപ്രതിജ്ഞാ ലംഘനം നടത്തുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിലും തമിഴ‌്നാട്ടിലെ ഭരണപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു.
ENGLISH SUMMARY:A complaint will be filed against the Tamil Nadu Governor to the President
You may also like this video