കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മണ്ഡലപുനര്‍നിര്‍ണയ പ്രക്രിയയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ യോജിച്ച പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഒരു സംയുക്ത പ്രവര്‍ത്തന സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മറ്റ് നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പശ്ചിമ ബംഗാള്‍, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും 29 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തെഴുതി. 22ന് ചെന്നൈയില്‍ ചേരുന്ന യോഗത്തില്‍ പ്രവര്‍ത്തനസമിതിക്ക് രൂപം നല്‍കും. മണ്ഡല പുനര്‍നിര്‍ണയം ഫെഡറലിസത്തിനെതിരായ നഗ്നമായ ആക്രമണമാണെന്ന് സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. പാര്‍ലമെന്റില്‍ ന്യായമായ ശബ്ദം ഇല്ലാതാക്കി, ജനസംഖ്യാ നിയന്ത്രണം ഉറപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധ നടപടി അനുവദിക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്പിക്കലും മണ്ഡല അതിര്‍ത്തി നിര്‍ണയവും ശക്തമായി എതിര്‍ക്കുകയാണ്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനും തമിഴ് ജനതയ്ക്കും ഭാഷയ്ക്കും നേരെയുള്ള കടന്നാക്രമണമാണെന്നും തമിഴ‌്നാട് വാദിക്കുന്നു. 2002ലെ ഭേദഗതിയിലൂടെ 1976ന് ശേഷമുള്ള ഡീലിമിറ്റേഷന്‍ നടപടികള്‍ മരവിപ്പിച്ചിരുന്നെന്നും അന്ന് ബിജെപിയുടെ എ ബി വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 545 ലോക്‌സഭാ സീറ്റുകളെന്ന തീരുമാനം 2026 വരെ നിലനില്‍ക്കുമെന്നാണ് അതുപ്രകാരം പറയുന്നതെന്നും മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ സ്റ്റാലിന്‍ സൂചിപ്പിക്കുന്നുണ്ട്.
മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ലോക്‌സഭാ സീറ്റ് പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ ഉറപ്പിനെയും തമിഴ‌്നാട് മുഖ്യമന്ത്രി വിമര്‍ശിച്ചു. വടക്കന്‍ സംസ്ഥാനങ്ങള്‍ക്കോ മറ്റേതെങ്കിലും സംസ്ഥാനങ്ങള്‍ക്കോ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞിട്ടില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നത്. രണ്ടുതരത്തില്‍ ഇത് നടപ്പിലാക്കാം. ഒന്നാമത്തേത് നിലവിലുള്ള 543 സീറ്റുകള്‍ പുനര്‍വിതരണം നടത്തുക. അതല്ലെങ്കില്‍ മുഴുവന്‍ സീറ്റുകളുടെ എണ്ണം എണ്ണൂറായി ഉയര്‍ത്താം. രണ്ട് തരത്തിലായാലും ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയും. നിലവില്‍ 39 ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാടിന് എട്ട് സീറ്റുകൾ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണം കുറയും. അതേസമയം ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഗണ്യമായ നേട്ടമുണ്ടാകാനും സാധ്യതയുണ്ട്.

