Site iconSite icon Janayugom Online

കൂടുതല്‍ ഉണര്‍വും ആത്മവിശ്വാസവും നല്‍കിയ സമ്മേളനം

2025 സെപ്റ്റംബര്‍ 8 മുതല്‍ 12 വരെ ആലപ്പുഴ കാനം രാജേന്ദ്രന്‍ നഗറില്‍ നടന്ന സിപിഐയുടെ കേരള സംസ്ഥാന സമ്മേളനം പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സമ്മേളനമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ വികസന വിഷയങ്ങള്‍ വളരെ ആഴത്തില്‍ സമ്മേളനം ചര്‍ച്ച ചെയ്തു. 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പാര്‍ട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍ മുതല്‍ ജില്ല വരെയുള്ള സമ്മേളനങ്ങളില്‍ രാഷ്ട്രീയ സ്ഥിതിഗതികളും കേരളത്തിന്റെ വികസനവും സമകാലികമായി ഉയര്‍ന്നുവന്ന വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയുണ്ടായി. കഴിഞ്ഞ ആറ് മാസത്തോളം പാര്‍ട്ടിഘടകങ്ങള്‍, ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍‍ സജീവമായിരുന്നു. വിമര്‍ശനവും സ്വയംവിമര്‍ശനവും എന്ന ലെനിന്റെ സംഘടനാ തത്വമനുസരിച്ച് നടന്ന ചര്‍ച്ചകളിലൂടെ പോരായ്മകള്‍ കണ്ടെത്തുകയും തിരുത്തി മുന്നോട്ടുപോകുന്നതിനും പാര്‍ട്ടി അംഗങ്ങളും വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കളും ദൃഢനിശ്ചയം ചെയ്യുകയായിരുന്നു.
ഉള്‍പാര്‍ട്ടി ചര്‍ച്ചകളിലൂടെ സ്വന്തം തെറ്റുകള്‍ പരിശോധിക്കുകയും മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുമാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. ‘സ്വയം ടോര്‍ച്ചടിച്ചു നോക്കണം’ എന്ന് സഖാവ് പികെവി പറഞ്ഞതിന്റെ അര്‍ത്ഥം വ്യക്തമാണ്. സ്വയം വിമര്‍ശനം ഉണ്ടാകണമെന്നതാണത്.

വിമര്‍ശനവും സ്വയംവിമര്‍ശനവും സിപിഐയുടെ അഭിപ്രായ വ്യത്യാസമായും ഗ്രൂപ്പ് പ്രവര്‍ത്തനമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന പത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യത്യസ്തമായ പാര്‍ട്ടിയാണ്. പാര്‍ട്ടിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുന്നത്. തീരുമാനങ്ങള്‍ അംഗീകരിക്കുവാനുള്ള രാഷ്ട്രീയ സംഘടനാ ഉത്തരവാദിത്തം പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ബാധകവുമാണ്. സിപിഐ ആലപ്പുഴ സംസ്ഥാന സമ്മേളനം പാര്‍ട്ടിയുടെ സംഘടന‑രാഷ്ട്രീയ‑പ്രത്യയശാസ്ത്രം ഉയര്‍ത്തിക്കാണിക്കുന്നതായിരുന്നു. പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്തി മുന്നോട്ടുനയിക്കാനും സിപിഐക്ക് കഴിയുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആലപ്പുഴ സംസ്ഥാന സമ്മേളനം.
കേരളത്തിന്റെ വികസനത്തിനും സാമൂഹ്യമാറ്റത്തിനും നിര്‍ണായക സംഭാവനകള്‍ നല്‍കിയ പാര്‍ട്ടിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജാതിവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൃത്യമായ പങ്കുവഹിച്ചു. കേരളത്തിലെ ജനങ്ങളില്‍ പുതിയ മൂല്യബോധം സൃഷ്ടിക്കുന്നതിന് നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ മഹത്തായ പങ്കുവഹിച്ചു. നവോത്ഥാനത്തെ തുടര്‍ന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നുവന്നത്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിനുശേഷം മര്‍ദിത ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരമായ പോരാട്ടമായിരുന്നു നടത്തിയത്. ആയിരക്കണക്കായ കമ്മ്യൂണിസ്റ്റുകാര്‍ കല്‍ത്തുറുങ്കിലായി. നിരവധി പേരെ പൊലീസും ജന്മിഗുണ്ടകളും വധിച്ചു. പുതിയ സാമൂഹ്യവ്യവസ്ഥയ്ക്കും പുതിയ മനുഷ്യനെ ഉയര്‍ത്തിക്കൊണ്ടുവരാനും നടത്തിയ ശക്തമായ ജനകീയ ഇടപെടലുകളിലൂടെയാണ് സിപിഐ കേരളത്തില്‍ ശക്തിപ്രാപിച്ചത്.
1957ലെ ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ കാല്‍വയ്പ് ആയിരുന്നു. തെരഞ്ഞെടുപ്പിലൂടെ ലോകത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. സമാധാനപരമായ പരിവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അധികാരത്തില്‍ വരാമെന്ന് തെളിയിക്കപ്പെട്ടു. ജനങ്ങളുമായുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആ ഒരടുപ്പമായിരുന്നു വിജയത്തിന്റെ പ്രധാന ഘടകമായത്. സമാധാനപരമായ പരിവര്‍ത്തനം റിവഷനിസം ആണെന്ന് മാവോസേതുങ് പറഞ്ഞത് നാം കേട്ടതാണ്. അധികാരത്തിലെത്തിയാല്‍ കേരളത്തിലെ രാഷ്ട്രീയ‑സാമൂഹ്യ‑വികസന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ പ്രധാന കടമ.

‘ഐശ്വര്യപൂര്‍ണവും സമ്പല്‍സമൃദ്ധവുമായ ക­േ­രളം കെട്ടിപ്പടുക്കുക’ എന്ന കടമയാണ് പാര്‍ട്ടി ഏറ്റെടുത്തത്. സി അച്ച്യുതമേനോന്റെ നേതൃത്വത്തില്‍ പാര്‍ട്ടി തയ്യാറാക്കിയ പ്രകടനപത്രിക ഐശ്വര്യപൂര്‍ണവും സമ്പല്‍സമൃദ്ധവുമായ കേരളം കെട്ടിപ്പടുക്കുന്നതില്‍ സമൂര്‍ത്തമായ പദ്ധതികള്‍ മുന്നോട്ടുവച്ചു. തെരഞ്ഞെടുപ്പില്‍ കേരള ജനത പ്രകടനപത്രിക വിശദമായി ചര്‍ച്ച ചെയ്തു. അതിന് അംഗീകാരമായി സിപിഐയെ അധികാരത്തില്‍ കൊണ്ടുവന്നു.
1957ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ് മുഖ്യമന്ത്രിയായ സിപിഐ ഗവണ്‍മെന്റിന് അധികകാലം‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ജന്മിത്തം അവസാനിപ്പിക്കുന്നതിനും സാര്‍വത്രികവും സാമൂഹ്യവുമായ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നതിനും സ്വീകരിച്ച നടപടി കേരളത്തിലെ പിന്തിരിപ്പന്‍ ശക്തികളെ പ്രകോപിപ്പിച്ചു. ഗവണ്‍മെന്റിനെതിരായി വിമോചന സമരവുമായി അവര്‍ രംഗത്തിറങ്ങി. സര്‍വ പിന്തിരിപ്പന്‍ ശക്തികളും കോണ്‍ഗ്രസും മലയാള മനോരമ ഉള്‍പ്പെടെ മാധ്യമങ്ങളും വിമോചന സമരത്തിന് പിന്തുണ നല്കി. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ പിരിച്ചുവിട്ടു.

1967ല്‍ വീണ്ടും അധികാരത്തില്‍ വന്ന മുന്നണി ഗവണ്‍മെന്റ് ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കുന്നതിന് തുടര്‍നടപടി സ്വീകരിച്ചു മുന്നോട്ടുപോയി. ഭൂപരിഷ്കരണ നിയമം പ്രാവര്‍ത്തികമാക്കുന്നതിന് 1969 ആയിട്ടും ഗവണ്‍മെന്റിന് കഴിയാതെ വന്നു. വിവിധ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. ഗവണ്‍മെന്റിന് മുന്നോട്ട് പോകാന്‍ കഴിയില്ല. തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് 1969ല്‍ അച്ച്യുതമേനോന്റെ നേതൃത്വത്തില്‍ വീണ്ടും ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. ഐശ്യര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള നിരവധി പദ്ധതികളുമായി ഈ ഗവണ്‍മെന്റും മുന്നോട്ടുപോയി. ഇന്ത്യയുടെ മാതൃക ഗവണ്‍മെന്റായിരുന്നു അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ്. ഭൂപരിഷ്കരണ നിയമത്തിലെ എല്ലാ വകുപ്പുകളും 1970 ജനുവരി ഒന്ന് മുതല്‍ ഒറ്റയടിക്ക് നടപ്പിലാക്കി. ജന്മിത്തം അവസാനിപ്പിച്ചു; കുടികിടപ്പുകാര്‍ക്കും അവകാശം നല്‍കി. കായല്‍ രാജാവായ മുരിക്കന്റെ‍ നെല്‍പ്പാടങ്ങള്‍ ഏറ്റെടുത്തു. സ്വകാര്യ വനങ്ങള്‍ നഷ്ടപരിഹാരം നല്‍കാതെ പിടിച്ചെടുത്തു. ഭവനരഹിതര്‍ക്ക് ലക്ഷംവീട് പദ്ധതി, സംസ്ഥാനത്തിന്റെ വികസനത്തെ ലക്ഷ്യമാക്കി നിരവധി പഠന ഗവേഷണ സ്ഥാപനങ്ങള്‍, വ്യാവസായിക മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിനുള്ള പദ്ധതികള്‍, ലോകംതന്നെ ശ്രദ്ധിച്ച നിരവധി നിയമനിര്‍മ്മാണങ്ങള്‍, ശാസ്ത്ര സാങ്കേതിക മേഖലയിലെ ഗവണ്‍മെന്റിന്റെ നിലപാട് വ്യക്തമാക്കല്‍ തുടങ്ങി കേരള വികസനത്തിന് ലക്ഷ്യം വച്ചുള്ള നിരവധി നടപടികളാണ് അച്യുതമേനോന്‍ സര്‍ക്കാര്‍ രൂപം നല്‍കിയത്.
തുടര്‍ന്ന് അധികാരത്തില്‍ വന്ന സഖാക്കള്‍ പികെവി, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റുകള്‍ 1957 മുതല്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് തുടക്കം കുറിച്ച ഐശ്വര്യപൂര്‍ണവും സമ്പല്‍സമൃദ്ധവുമായ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള തുടര്‍പദ്ധതികളാണ് നടപ്പില്‍ വരുത്തിയത്.

കേരളത്തിന്റെ വികസന മാതൃക ഇന്ന് ലോകത്ത് പഠനവിഷയമാണ്. 1957 മുതല്‍ കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ വിവിധ കാലയളവില്‍ നേതൃത്വം നല്‍കിയ ഗവണ്‍മെന്റുകള്‍ കേരളത്തെ വികസനത്തില്‍ മുന്നില്‍ എത്തിച്ചു. ലോകത്തിന് മാതൃകയായ കേരള വികസന പദ്ധതികള്‍ പഠിക്കാന്‍ നിരവധി പേര്‍ ഇവിടെയെത്തി. 2016ല്‍ അധികാരത്തില്‍ വന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് ഗവണ്‍മെന്റ് 2021ല്‍ വീണ്ടും അധികാരത്തില്‍ വന്നു. എല്‍ഡിഎഫിന്റെ രാഷ്ട്രീയ വികസന നയത്തിനുള്ള അംഗീകാരമായിരുന്നു അത്. ആലപ്പുഴ സിപിഐ സംസ്ഥാന സമ്മേളനം അഗീകരിച്ച രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നത് “2016ല്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമപദ്ധതികള്‍ക്കും ആ ഗവണ്‍മെന്റും മുന്നണിയും ഉയര്‍ത്തിയ രാഷ്ട്രീയ‑വികസന നയങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു തുടര്‍ഭരണം” എന്നാണ്.

“2021 മേയ് മാസം വീണ്ടും അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഗവണ്‍മെന്റ് നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതിനും സംസ്ഥാനത്ത് സാമ്പത്തിക പ്രയാസം സൃഷ്ടിച്ച് ജനങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള പദ്ധതികള്‍ക്കാണ് കേന്ദ്രഗവണ്‍മെന്റും ബിജെപിയും തയ്യാറായത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം കേന്ദ്രഗവണ്‍മെന്റിനും ബിജെപിക്കും ഈ കാര്യത്തില്‍ എല്ലാവിധ പിന്തുണയും നല്‍കുന്നു. കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടി ഒരക്ഷരം പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫും പ്രതിപക്ഷവും തയാറാകുന്നില്ല. ബിജെപിയുമായി പല വിഷയങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് കേരളം കാണുന്നത്. അവരുടെ ലക്ഷ്യം എല്‍ഡിഎഫിനേയും കേരള ഗവണ്‍മെന്റിനെയും തകര്‍ക്കുക എന്നതാണ്.”

“കേരളം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ നിരവധി തവണ കൊണ്ടുവന്നു. കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം ലഭ്യമാക്കണമെന്നും സംസ്ഥാന വികസനത്തിന് അനുകൂലമായ സമീപനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കണമെന്നും കേരളം കേന്ദ്രത്തോട് നിരവധി തവണ ആവശ്യപ്പെട്ടു. കേരള നിയമസഭ പ്രമേയം പാസാക്കി. അതെല്ലാം കേന്ദ്രഗവണ്‍മെന്റ് പൂര്‍ണമായും അവഗണിച്ചു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനും കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും തയ്യാറായില്ല. എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി സംസാരിച്ചു. എന്നിട്ടും യുഡിഎഫ് എംപിമാര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തിയില്ല. കേരള ഗവണ്‍മെന്റിനെതിരായി കേന്ദ്രം സ്വീകരിക്കുന്ന നിലപാടുകള്‍ അവര്‍ പിന്തുണ നല്‍കുന്നതാണ് കണ്ടത്”. സംസ്ഥാന സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കുന്നതിനായി ആവിഷ്ക്കരിച്ച ബദല്‍ പദ്ധതികളെ തടസപ്പെടുത്തുന്ന നടപടികളിലൂടെ ലക്ഷ്യമിടുന്നത് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുക, അതിലൂടെ ജനങ്ങളെ ഗവണ്‍മെന്റിനെതിരെ അണിനിരത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.
കാലവര്‍ഷക്കെടുതിയില്‍പ്പെട്ട കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകാത്തത് കടുത്ത അനീതിയാണ്. മുണ്ടക്കൈ — ചൂരല്‍മല, വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍പ്പെട്ട ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറായില്ലെന്നത് രാഷ്ട്രീയ പ്രമേയം ശക്തമായി വിമര്‍ശിച്ചു.

പ്രകൃതി ദുരന്തത്തെ തുടര്‍ന്നുള്ള പ്രയാസങ്ങളെ നേരിടുന്നതിനായി കേരളത്തെ സഹായിക്കാന്‍ മുന്നോട്ടുവന്ന രാജ്യങ്ങളില്‍ നിന്നും സഹായം തേടുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് വിലക്ക് ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര ഉള്‍പ്പെടെ ബിജെപി നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍, രാജ്യത്തിന് പുറത്തുനിന്നും സഹായം തേടുന്നതിന് നിയമഭേദഗതി വരുത്തി ഇളവ് നല്‍കിയതിനെ രാഷ്ട്രീയ പ്രമേയം വിമര്‍ശിച്ചു. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിട്ടും സ്വന്തം വരുമാനമാര്‍ഗം കണ്ടെത്തി പ്രതിസന്ധി മറികടക്കുന്നതിന് കേരള ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കി. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി സ്വീകരിച്ച നടപടികള്‍ മാതൃകാപരമാണ്. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിന് ഗവണ്‍മെന്റ് നടപടി സ്വീകരിച്ചത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി. വീടില്ലാത്തവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് പൂര്‍ത്തീകരിച്ച് നല്‍കുന്നതിനുള്ള നടപടികളും ഗവണ്‍മെന്റിന് ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാണിക്കുന്നു.
(അവസാനിക്കുന്നില്ല)

Exit mobile version