Site iconSite icon Janayugom Online

സമ്പൂര്‍ണ രാഷ്ട്രീയപ്രവര്‍ത്തകന്‍

ഉമ്മന്‍ചാണ്ടി സമ്പൂര്‍ണ കോണ്‍ഗ്രസുകാരനാണ്, പൂര്‍ണസമയം രാഷ്ട്രീയപ്രവര്‍ത്തകനും. അര നൂറ്റാണ്ടിലധികം അദ്ദേഹം രാഷ്ട്രീയ രംഗത്ത് ശോഭിച്ചു. ജനങ്ങള്‍ക്കു വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിച്ച നേതാവ് എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയിട്ടുള്ളത്. വിശ്രമരഹിതമായി ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. യാത്രക്കിടയില്‍ പോലും ഫയലുകള്‍ നോക്കിയിരുന്ന ഭരണകര്‍ത്താവ്. കൂടെയുള്ള ആളുകളുടെ പോക്കറ്റില്‍ നിന്നും പൈസ എടുത്ത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ അവശതയനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് കൊടുക്കാനാണ് അദ്ദേഹം ആ പണം ഉപയോഗിക്കുക. രാഷ്ട്രീയത്തില്‍ വ്യത്യസ്ത മുഖങ്ങളുണ്ട്. പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ പലരും പല തരമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി എന്ന നേതാവ് ഒരു തരമേ ഉള്ളൂ. അദ്ദേഹം ഒരിക്കലും എതിരാളിയെ ശത്രുവായി കണ്ട് പോരാടിയിരുന്നില്ല.

 


ഇതുകൂടി വായിക്കൂ; ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ നിന്ന് പള്ളിയിലേക്ക്


മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ സാമൂഹ്യരംഗത്തെ മാറ്റങ്ങള്‍ക്ക് അദ്ദേഹം ശ്രമിച്ചു. അതിവേഗ റെയിലിനുവേണ്ടി, എംപിയായിരുന്ന എന്നെ കാണാനായി ടി ബാലകൃഷ്ണന്‍ ഐഎഎസ് വന്നു. ‘പെട്ടെന്ന് കാസര്‍കോട് എത്താനുള്ള അതിവേഗ ട്രെയിനെ കുറിച്ച് നമ്മള്‍ ആലോചിക്കുകയാണ്. ഭൂമിയൊന്നും നഷ്ടപ്പെടില്ല. അതേക്കുറിച്ച് ഒന്ന് ചര്‍ച്ച ചെയ്യണം’ ബാലകൃഷ്ണന്‍ പറഞ്ഞു. ഡിപിആറുമായി വരാന്‍ ബാലകൃഷ്ണനോട് പറഞ്ഞെങ്കിലും പിന്നീട് വന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ഒരു വലിയ സ്വപ്നമായിരുന്നു അതിവേഗ റെയില്‍. ഏതു പ്രതിസന്ധിയിലും എതിര്‍പാര്‍ട്ടിയാണെന്ന് മനസില്‍ കണ്ട് അദ്ദേഹം പ്രവര്‍ത്തിക്കാറില്ല. ഇന്ന് മുന്‍ എംഎല്‍എമാര്‍ക്ക് ചികിത്സക്കായി മുന്‍കൂറായി പണം വാങ്ങാം. അതിന് കാരണമായത് ഉമ്മന്‍ചാണ്ടിയാണ്. 2006ല്‍ മുന്‍ മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പിലിന്റെ ചികിത്സക്ക് പെട്ടെന്ന് ഒരു വലിയ തുക വേണം. ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങനെ ഒരു വകുപ്പില്ലെന്നും മുമ്പ് ആര്‍ക്കും കൊടുത്തിട്ടില്ലെന്നും മറുപടി. എങ്കിലും ധനമന്ത്രിയായിരുന്ന വക്കം പുരുഷോത്തമനെ നേരില്‍ കണ്ട് സംസാരിക്കാമെന്ന് ഉറപ്പ് നല്‍കി. വക്കം പുരുഷോത്തമനെ കണ്ടു. കീഴ് വഴക്കമില്ലെന്ന് അദ്ദേഹവും പറഞ്ഞു. ഇങ്ങനെ എന്തെങ്കിലും ചെയ്താലല്ലേ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാകൂ എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്തെങ്കിലും വഴി ഉണ്ടാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അവസാനം ധനമന്ത്രി സമ്മതം മൂളി.


ഇതുകൂടി വായിക്കൂ;ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി


എല്ലാ കാര്യങ്ങളിലും അപ്പപ്പോള്‍ നടപടി എടുക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. പാര്‍ട്ടിയുടെ കൊല്ലത്തെ ഓഫിസിനു മുന്നിലെ ബിഎസ്എന്‍എല്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ യുവജന സംഘടന നടത്തിയ സമരത്തിനിടെ തകര്‍ന്നു. അതേത്തുടര്‍ന്ന് പൊലീസ് പാര്‍ട്ടി ഓഫിസ് വളഞ്ഞു. ഉമ്മന്‍ചാണ്ടിയെ വിളിച്ച് പാര്‍ട്ടി ഓഫിസില്‍ പൊലിസ് കയറാന്‍ പാടില്ലെന്ന് പറഞ്ഞു. പത്ത് മിനിറ്റ് കൊണ്ട് പൊലീസ് അവിടം വിട്ടു. രാഷ്ട്രീയത്ത‍ില്‍ അന്യോന്യം സമരം ചെയ്യും. പക്ഷെ എന്തൊക്കെ സംഭവിച്ചാലും അക്ഷോഭ്യനായി കാര്യങ്ങള്‍ ഒരുമിച്ചുകൊണ്ടുപോയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഉമ്മന്‍ചാണ്ടി. ഒരുപാട് പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആ പ്രശ്നങ്ങളൊക്കെ പുറത്തുകാട്ടാതെ മനസില്‍ കൊണ്ടുനടന്നു. ഒരായുഷ്ക്കാലം കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്ത്, നാളെ എല്ലാവരും ഓര്‍മ്മിക്കുന്ന അവസ്ഥയുണ്ടാക്കിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറത്ത് പൊതുജനങ്ങള്‍ സ്വീകരിക്കുന്ന ഒരു നേതാവ് എന്ന നിലയിലാണ് ഉമ്മന്‍ ചാണ്ടി വളര്‍ന്നുവന്നത്. രാഷ്ട്രീയ ജീവിതത്തില്‍ നന്മയുടെ വഴിയില്‍ മാത്രം സഞ്ചരിച്ച്, ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തു. അര നൂറ്റാണ്ട് കാലം ഒരു സ്ഥലത്തു തന്നെ എംഎല്‍എ ആയിരിക്കുക എന്നത് ചെറിയ കാര്യമല്ല. രാഷ്ട്രീയം വേറെയാണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ വിയോഗം മനസില്‍ വല്ലാത്ത ദുഃഖം നിറയ്ക്കുന്നു.

Exit mobile version