Site iconSite icon Janayugom Online

ഓണം കളറാക്കാന്‍ കഞ്ഞിക്കുഴിയില്‍ 
ചെണ്ടുമല്ലിത്തോട്ടം പൂത്തുലഞ്ഞു

ഓണം കളറാക്കാൻ കഞ്ഞിക്കുഴിയിലെ കർഷകനായ വി പി സുനിൽ ഒരുക്കിയത് ഏക്കർ കണക്കിന് ചെണ്ടുമല്ലി തോട്ടം. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കാരക്കാവെളിയിലാണ് ചെണ്ടുമല്ലികാട് പൂത്തുലഞ്ഞ് നിൽക്കുന്നത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ആസൂത്രണം ചെയ്ത സൗന്ദര്യവല്‍ക്കരണ പദ്ധതിയായ ‘കമനീയം കഞ്ഞിക്കുഴി’ പരിപാടിയുടെ ഭാഗമായിട്ടാണ് കഞ്ഞിക്കുഴി വടക്കേ തയ്യിൽ വി പി സുനിലും ഭാര്യ റോഷ്നി സുനിലും ചേർന്ന് പ്രദർശനവും വിപണനവും ലക്ഷ്യമാക്കി ഈതോട്ടം സജ്ജമാക്കിയിട്ടുളളത്. 2,00,000 ചുവട് ചെണ്ടുമല്ലി ചെടികളാണ് പൂത്തുലുഞ്ഞ് നിൽക്കുന്നത്.

ചെണ്ടുമല്ലി തൈ നട്ടപ്പോൾ കൂടെ ചീരയും നട്ടിരുന്നു. ചീര വിളവെടുപ്പ് നേരത്തെ നടത്തിയിരുന്നു. ചീര വില്പനയിലൂടെ തോട്ടം സജ്ജമാക്കിയതിലെ ചിലവ് കിട്ടി. ഓണത്തോട് അനുബന്ധിച്ച് പൂ വില്പനയ്ക്ക് പുറമേ പ്രദർശനവും ഈ ദമ്പതികൾ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കാൻ ആനയുകളുടേയും മാവേലിയുടെയും തെയ്യത്തിന്റേയും കൂറ്റൻ കട്ടൗട്ടറുകളും പടുത കുളത്തിൽ ഫൈബർ വളളവും ഒരുക്കിയിട്ടുണ്ട്. ഈ തോട്ടം സന്ദർശിച്ച് ചിത്രീകരിക്കുന്ന മികച്ച ദൃശ്യങ്ങൾക്ക് 10000, 5000 രൂപ വീതവും, മികച്ച ഫോട്ടോയ്ക്ക് 5000, 3000 രൂപ വീതവും സമ്മാനവും ഉണ്ട്. തോട്ടത്തിലിരുന്ന് തത്സമയ ചിത്ര രചന മത്സരവും തൊഴിലുറപ്പ് തൊഴിലാളികൾക്കായി പൂ കിള്ളല്‍ മത്സരവും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഉത്രാടം ദിവസമായ 28 വരെയാണ് പ്രദർശനം. മന്ത്രി പി പ്രസാദ് ചെണ്ടുമല്ലി പ്രദർശനം ഉദ്ഘാടനം ചെയ്തു.

കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, ചേർത്തല നഗരസഭ വൈസ് ചെയർമാൻ അജയകുമാർ, ജനപ്രതിനിധികളായ ബൈരഞ്ജിത്ത്, മിനി പവിത്രൻ, മഞ്ജു സുരേഷ്, കൃഷി ഓഫീസർ ജാനിഷ് റോസ്, കൃഷി അസിസ്റ്റന്റ് എസ് ഡി അനില, പൊതു പ്രവർത്തകരായ പി തങ്കച്ചൻ, വി ആർ മുരളീകൃഷ്ണൻ, എ ടി സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: A corian­der gar­den blos­somed in Kan­jikuzhi to make Onam colorful

Exit mobile version