Site iconSite icon Janayugom Online

മികച്ച വിദ്യാഭ്യാസം, ചെലവ് കുറവ്: ഉക്രെയ്ന്‍ മെഡിക്കല്‍ പഠനമോഹികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച നാട്

നീറ്റ് യോഗ്യത നേടാന്‍ കഴിയാത്തതും സാമ്പത്തികമായ പ്രയാസങ്ങളും ഡോക്ടറാകണമെന്ന മോഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ അവര്‍ ആശ്വാസം കണ്ടെത്തിയത് ഉക്രെയ്നിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം തരപ്പെടുത്തിയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പതിനായിരക്കണക്കിനു കുട്ടികളാണ് ഇവിടെ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലും വിദേശങ്ങളിലുമായി ആതുരസേവനം നടത്തുന്നത്. പ്രതീക്ഷയുടെ ചിറകുകള്‍ വിടര്‍ത്തി പറന്ന ആയിരക്കണക്കിനു കുട്ടികള്‍ ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ പ്രാണഭയത്തില്‍ അകപ്പെട്ടപ്പോഴാണ് ഇത്രയുംപേര്‍ പ്രതിവര്‍ഷം ഉക്രെയ്നിലും റഷ്യയിലുമൊക്കെയായി മെഡിക്കല്‍ പഠനത്തിനുപോകുന്ന കാര്യം സമൂഹം തിരിച്ചറിയുന്നത്.

മെഡിസിന്‍ പഠനത്തോടുള്ള മലയാളികളുടെ വര്‍ധിച്ച താല്പര്യമാണ് വലിയ തോതില്‍ വിദ്യാര്‍ത്ഥികളെ ഉക്രെയ്നടക്കമുള്ള നാടുകളില്‍ എത്തിച്ചത്. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാന്‍ താരതമ്യേന ചെലവു കുറവാണ്. ഇന്ത്യയിലെയും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെയും മെഡിക്കല്‍ പഠനവുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കേണ്ട പ്രവേശന പരീക്ഷകളും കടമ്പകളും ഈ രാജ്യങ്ങളില്‍ ആവശ്യമില്ല.

ഏതാണ്ട് 30 ലക്ഷത്തോളം രൂപയുണ്ടെങ്കില്‍ നന്നായി പഠിച്ചാല്‍ എംബിബിഎസ് സര്‍ട്ടിഫിക്കറ്റുമായി നാട്ടിലെത്താം. ഇവര്‍ ഇന്ത്യയിലെത്തിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ നേടേണ്ടതുണ്ട്. എഫ്എംജി(ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്സാം)പരീക്ഷ വിജയിച്ചാല്‍ മാത്രമേ ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിലെ എംബിബിഎസ് ബിരുദധാരികള്‍ക്ക് ഇന്ത്യയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ കഴിയൂ. ഈ കടമ്പ കടുത്തതാണെങ്കിലും വരുന്ന വഴിക്ക് കാണാം എന്ന മട്ടില്‍ ഡോക്ടറാവാനുള്ള മോഹം മൂലം എങ്ങിനെയെങ്കിലും ഉക്രെയ്ന്‍, റഷ്യ, ചൈന, ജോര്‍ജിയ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജില്‍ പ്രവേശനം ഉറപ്പിക്കുന്നു.

പ്രതിവര്‍ഷം മൂന്ന്-ആറ് ലക്ഷം രൂപയുണ്ടെങ്കില്‍ ഇവിടങ്ങളില്‍ മികച്ച പഠനം സാധ്യമാവുകയും ചെയ്യും. ഇത് ഇന്ത്യയിലെ മെഡിക്കല്‍ പഠന ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒട്ടും കൂടുതലുമല്ല. മെഡിസിന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ബിരുദ, ബിരുദാനന്തര സ്പെഷ്യലൈസേഷനുകള്‍ ഉള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഉക്രെയ്ന്‍.

ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ ഉക്രെയ്നിലെ ചില സര്‍ക്കാര്‍ സര്‍വകലാശാലകള്‍ പ്രശസ്തമാണ്. ലോകാരോഗ്യ സംഘടനയും യുനെസ്‌കോയും ഇന്ത്യന്‍ റെഗുലേറ്ററി ബോഡികളും അംഗീകാരം നല്‍കിയിട്ടുള്ള കോളജുകളാണ് ഇവിടെയുള്ളത്. അത്തരം കോളജുകളില്‍ പ്രവേശനം നേടുന്നതിന് മുമ്പ്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങിയാല്‍ മാത്രം മതി.

2020ല്‍ ലഭ്യമായ വിവരം അനുസരിച്ച്, ഉക്രെയ്നിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 25 ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഉക്രെയ്നിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉക്രെയ്നിലുണ്ട്. ഇതില്‍ ഭൂരിപക്ഷവും മെഡിക്കല്‍ വിദ്യാഭ്യാസത്തിനാണ് എത്തിയിട്ടുള്ളത്. അതായത് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തിന് മുകളിലും മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ്.

eng­lish sum­ma­ry; A coun­try that has long wel­comed med­ical students

you may also like this video;

Exit mobile version