Site iconSite icon Janayugom Online

വൈദ്യുതി തൊഴിലാളികളുടെ ധീരനായ നേതാവ്

രാഷ്ട്രീയ ട്രേഡ് യൂണിയൻ രംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ അനന്യ വ്യക്തിത്വമായിരുന്നു എ എൻ രാജന്‍. നാലര പതിറ്റാണ്ടിലേറെക്കാലം സംസ്ഥാന വൈദ്യുതിരംഗത്തെ എല്ലാ തൊഴിലാളി മുന്നേറ്റങ്ങൾക്കും ധീരമായി നേതൃത്വം നൽകാൻ രാജന് കഴിഞ്ഞിട്ടുണ്ട്.

കാറ്റഗറി അടിസ്ഥാനത്തിൽ ഭിന്നിച്ചുനിന്നിരുന്ന വൈദ്യുതി ജീവനക്കാരെ വർക്കേഴ്സ് ഫെഡറേഷൻ എന്ന പൊതു സംഘടനയ്ക്കും എഐടിയുസിക്കും കീഴിൽ അണിനിരത്താൻ ജെ ചിത്തരഞ്ജൻ, പി ബാലചന്ദ്രമേനോൻ, കെ എ രാജൻ, കെ സി മാത്യു, എം സുകുമാരപിള്ള എന്നിവരോടൊപ്പം സജീവ നേതൃനിരയിൽ എ എൻ രാജനുമുണ്ടായിരുന്നു. തൊഴിലാളിപക്ഷ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ ധീരമായി മുന്നേറിയ രാജൻ പലകുറി അധികാരികളുടെ പ്രതികാര നടപടികൾക്ക് വിധേയനായിട്ടുണ്ട്. കടുത്ത നടപടികൾക്കും ചിറകരിയലുകൾക്കും വിധേയനാകുമ്പോഴും തൊഴിലാളിവർഗ താല്പര്യം അടിയറവയ്ക്കാതെ മുന്നേറുന്നതിൽ ധീരമായ നിലപാടാണ് അദ്ദേഹം എക്കാലവും സ്വീകരിച്ചിട്ടുള്ളത്.

1970 കളുടെ തുടക്കത്തിൽ തന്നെ വൈദ്യുതി തൊഴിലാളി സംഘടനാ പ്രവർത്തനരംഗത്ത് നിലയുറപ്പിച്ച രാജൻ എക്സിക്യുട്ടീവ് എംപ്ലോയീസ് യൂണിയൻ, പവർ വർക്കേഴ്സ് യൂണിയൻ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ, ആൾ ഇന്ത്യ ഫെഡറേഷൻ ഓ­ഫ് ഇലക്ട്രിസിറ്റി എം­പ്ലോയീസ്, നാ­ഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ടിസിറ്റി എംപ്ലോയീസ് ആന്റ് എൻജിനീയേഴ്സ് എന്നിവയു­ടെ നേതൃസ്ഥാനത്ത് മാതൃകാ പ്രവർത്തനങ്ങൾ കാഴ്ച വച്ചു. കേരളത്തിന്റെ നാല് ചുവരുകൾക്കപ്പുറം ദേ­ശീ­യ തലത്തിലേക്കും ഊർജ്ജരംഗത്ത് രാജന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു. ഇന്ത്യൻ വൈദ്യുതി തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസിന്റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി ചുമതല നിർവഹിച്ചുവരികയായിരുന്നു.

ഊർജ്ജരംഗത്തെ വിവിധ വിഷയങ്ങൾ ആഴത്തിൽ പഠിക്കാനും അത് തൊഴിലാളികൾക്ക് മനസിലാക്കി കൊടുക്കാനുമുള്ള രാജന്റെ കഴിവും തൊഴിൽ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ മാനേജ്മെന്റുമായി കണിശമായി വിലപേശി തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിൽ പുലർത്തിയിട്ടുള്ള മാതൃകയും അദ്ദേഹത്തെ ഊർജ്ജരംഗത്തെ തൊഴിലാളി പ്രവർത്തനരംഗത്ത് മുൻനിര നേതാവാക്കി മാറ്റി. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐ കേരള സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗവുമായി പ്രവർത്തിച്ചുവരുന്ന രാജൻ സംഘടിത അസംഘടിത മേഖലകളിലെ നിരവധി ട്രേഡ് യൂണിയൻ സംഘടനകളുടെ സ്ഥാപകനും നേതാവുമാണ്.

വൈദ്യുതി ബോർഡിലെ അംഗീകൃത തൊഴിലാളി സംഘടനയായ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ (എഐടിയുസി) പ്രസിഡന്റായ എ എൻ രാജന്റെ നിര്യാണം ഊർജ്ജമേഖലയിലെ സംഘടനാരംഗത്ത് വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അപരിഹാര്യമായ ദേഹവിയോഗത്തിൽ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ അനുശോചനം രേഖപ്പെടുത്തുന്നു.

Exit mobile version