Site iconSite icon Janayugom Online

ഗാസയിലെ കുട്ടികള്‍ക്കായി സാംസ്കാരിക ലോകം

ഗാസയിൽ കുട്ടികൾ കൊല്ലപ്പെടുന്ന ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കലാ, സാംസ്കാരിക ലോകം. സേവ് ദി ചിൽഡ്രൻ, ചൂസ് ലവ് എന്നീ സംഘടനകൾ ചേർന്ന് പുറത്തിറക്കിയ ചിത്രത്തിലൂടെയാണ് അഭിനേതാക്കൾ, അവതാരകർ, ആക്ടിവിസ്റ്റുകൾ, കവികള്‍, എഴുത്തുകാര്‍ എന്നിവരുടെ ആഹ്വാനം. 

ഗായികയും ഗാനരചയിതാവുമായ ആനി ലെനോക്സ്, ഓസ്കർ ജേതാവായ നടി ഡാം വനേസ റെഡ്ഗ്രേവ്, നടിയും കൊമേഡിയനുമായ അംബിക മോഡ്, ഓസ്കർ നോമിനേഷൻ നേടിയ നടൻ ഗൈ പിയേഴ്സ്, അവതാരകരായ ലോറ വിറ്റ്മോർ, നാദിയ സവാല, ഫോട്ടോഗ്രാഫറും ഓസ്കർ നോമിനേഷൻ നേടിയ സംവിധായികയുമായ മിസാൻ ഹാരിമാൻ, മോഡലും നടിയുമായ പോപ്പി ഡെലിവിംഗ്നെ എന്നിവരും പദ്ധതിയുടെ ഭാഗമായി. അഭിനേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും മറ്റുള്ളവരും മൈക്കൽ റോസന്റെ 2014 ലെ ‘ഡോണ്ട് മെൻഷൻ ദി ചിൽഡ്രൻ’ എന്ന കവിത ചൊല്ലുന്നതായി ചിത്രത്തിലെ പ്രമേയം. 

ഗാസയിലും വെസ്റ്റ് ബാങ്കിലും അരങ്ങേറുന്ന ഭീകരത അവസാനിപ്പിക്കാനുള്ള ശക്തമായ ആഹ്വാനത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. ഇസ്രയേലിലേക്കുള്ള എല്ലാ ആയുധ കൈമാറ്റങ്ങളും ഉടനടി നിർത്തിവയ്ക്കുക, പലസ്തീൻ പ്രദേശത്തെ ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിക്കാൻ നിർണായക നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച നിവേദനത്തിൽ ഒപ്പിടാൻ സേവ് ദി ചിൽഡ്രൻ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Exit mobile version