ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ്‌നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഇന്നലെ ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്. കേരളത്തിന്റെ നൂതനവും സുസ്ഥിരവുമായ ടൂറിസം രീതികളേയും വിജയകരമായ മാതൃകകളേയും പരിചയപ്പെടുത്തുന്ന പരിശീലന പരിപാടിയാണിത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പരിശീലന പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന‑ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള 60 ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കിറ്റ്സ് കാമ്പസില്‍ രണ്ട് ബാച്ചുകളായി നടത്തുന്ന പരിപാടിയുടെ രണ്ടാം ബാച്ചിന്റെ പരിശീലനം 10 മുതല്‍ 12 വരെ നടക്കും. ദക്ഷിണേന്ത്യന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിന് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആശയ വിനിമയവും പരസ്പര സഹകരണവും അത്യന്താപേക്ഷിതമാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ലോകോത്തര നിലവാരമുള്ള പദ്ധതികളുമായി മുന്നേറുന്ന കേരള ടൂറിസത്തിന്റെ ഉള്‍ക്കാഴ്ചകളും അറിവും മറ്റുള്ളവരുമായി പങ്കിടാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന ടൂറിസത്തിന്റെ വിജയ മാതൃകകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇത്തരം പരിപാടികളിലൂടെ ഒരുമിച്ച് മുന്നേറാനുള്ള മനോഭാവം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള പ്രൊഫഷണല്‍ വികസന സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ കിറ്റ്സിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് കേരള ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. ആഗോളതലത്തില്‍ തിരിച്ചറിയപ്പെട്ട കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം (ആര്‍ടി) സംരംഭങ്ങള്‍, സുസ്ഥിര ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ്, അത്യാധുനിക ബ്രാന്‍ഡിങ്, പ്രൊമോഷണല്‍ മോഡലുകള്‍ എന്നിവയുള്‍പ്പെടുന്ന പാഠ്യപദ്ധതിയാണ് പരിശീലനത്തിനായി തയാറാക്കിയത്. കേരള ടൂറിസത്തിന്റെ വികസന സമീപനങ്ങളെക്കുറിച്ച് മനസിലാക്കാന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് ഇത് പ്രായോഗിക അവസരമൊരുക്കും. മാനവ വിഭവശേഷി വികസനം, നൈപുണ്യ വികസനം, ടൂറിസ്റ്റ് ഗൈഡ് പരിശീലനം എന്നിവയിലെ പുത്തന്‍ സാധ്യതകളെക്കുറിച്ചറിയാന്‍ കിറ്റ്സില്‍ നിന്നുള്ള പ്രതിനിധി സംഘം കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചിരുന്നു.

