ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ഭിന്നശേഷിക്കാരിയായ 21കാരിയെ ബൈക്കിലെത്തിയ സംഘം പിന്തുടർന്ന് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു. പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി ഓടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതിക്ക് ഒരു കിലോമീറ്റർ അകലെയാണ് ഈ ദാരുണമായ സംഭവം നടന്നത്.
അമ്മാവന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുവരികയായിരുന്ന പെൺകുട്ടിയെ മൂന്നോ നാലോ ബൈക്കുകളിലായി എത്തിയ സംഘം പിന്തുടർന്നു. ആളൊഴിഞ്ഞ റോഡിൽ വെച്ച് പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ബൈക്ക് കുറുകെയിട്ട് പ്രതികൾ പിടികൂടുകയായിരുന്നു. തുടർന്ന് വിജനമായ ഒരിടത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഏറെ നേരമായിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ഒരു പൊലീസ് പോസ്റ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബോധം തിരികെ ലഭിച്ചപ്പോൾ ബൈക്കിലെത്തിയ സംഘം തന്നെ കൂട്ടബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

