Site iconSite icon Janayugom Online

നാരങ്ങയുടെ പേരിലുള്ള തര്‍ക്കം വര്‍ഗീയ കലാപമായി; ആറ് പേര്‍ അറസ്റ്റില്‍

നാരങ്ങയുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറി. ഉദയ്പൂരിലെ ധന്‍മന്ദി മേഖലയിലാണ് സംഭവം. തര്‍ക്കത്തിനിടെ പച്ചക്കറിക്കടക്കാരന് ഗുരുതരമായി പരിക്കേറ്റു. ആറുപേരെ അറസ്റ്റ് ചെയ്തു. തീജ് കാ ചൗകിന് സമീപമുള്ള പച്ചക്കറി കടയില്‍ നാരങ്ങ വാങ്ങാനെത്തിയ രണ്ടുപേര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ നിരവധിപ്പേര്‍ കടക്കാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കടയുടമ സത്‌വീറിനെ (50) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തര്‍ക്കം നടന്ന സ്ഥലത്തുണ്ടായിരുന്ന കടകള്‍ക്ക് അക്രമികള്‍ തീയിട്ടു. അഗ്നിശമനസേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. സമാധാനം പുനസ്ഥാപിക്കാനായി വന്‍ പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാരും വ്യാപാരികളും തമ്മില്‍ ചര്‍ച്ച നടത്തിവരികയാണ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. അക്രമകാരികളെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് യോഗേഷ് ഗോയല്‍ പറഞ്ഞു.
അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ വ്യാപാര വ്യവസായികള്‍ ബന്ദ് പ്രഖ്യാപിച്ചു. മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. 

Exit mobile version