Site iconSite icon Janayugom Online

അകക്കണ്ണില്‍ കണ്ട കാഴ്ചകള്‍; വാനിലുയര്‍ന്നു സ്വപ്ന ദൗത്യം

അകക്കണ്ണില്‍ കണ്ട കാഴ്ചകളെ ആകാശത്തോളം ഉയരത്തിലാക്കാന്‍ ഒരു കൂട്ടം കുരുന്നുകള്‍ കണ്ട സ്വപ്നം ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്നു… തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ കുട്ടികള്‍ നിര്‍മ്മിച്ച മോഡല്‍ റോക്കറ്റുകള്‍ ഇന്ന് വിജയകരമായി വിക്ഷേപിച്ചു. സ്പര്‍ശം 2023 എന്ന് പേരിട്ട മോഡല്‍ റോക്കറ്റ്സ് ദൗത്യത്തിലൂടെ മൂന്ന് റോക്കറ്റുകള്‍ തൈക്കാട് പൊലീസ് പരേ‍‍ഡ് ഗ്രൗണ്ടില്‍ നിന്നും കുതിച്ചുയര്‍ന്നു. റോക്കറ്റുകളുടെ നിര്‍മ്മാണത്തില്‍ ബ്ലൈന്‍ഡ് സ്കൂളിലെ 15 കുട്ടികളാണ് ഭാഗമായത്. ഇവരില്‍ 13 കുട്ടികള്‍ ദൗത്യത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചു. 

ഷിബു, അല്‍അമീന്‍, അമല്‍ജിത്ത്, അഭയ്, കൃഷ്ണ, പ്രതിഭ, നിമിഷ, ആഷിദ, ജാസ്മിന്‍, അല്‍മ, മാധവ്, സുള്‍ഫിയാന്‍ , ആസിയ എന്നീ കുട്ടികളാണ് ദൗത്യത്തിനു പിന്നിലെ അമരക്കാര്‍. ബ്രൂണോ, കൈസര്‍, സൂര്യ, സ്പേസ് മിഷന്‍, പ്രതിഭ എന്നിങ്ങനെ അഞ്ച് റോക്കറ്റുകളാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. ഇതില്‍ ബ്രൂണോ, സ്പേസ് മിഷന്‍, പ്രതിഭ എന്നീ മൂന്ന് റോക്കറ്റുകളാണ് വിജയകരമായി വിക്ഷേപിക്കാനായത്. ആദ്യം വിജയിച്ച പ്രതിഭ എന്ന റോക്കറ്റിന് പേര് നിര്‍ദേശിച്ചത് റോക്കറ്റ് നിര്‍മ്മിച്ച കുട്ടികളില്‍ ഒരാളായ പ്രതിഭ തന്നെയാണ്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ഏകദേശം 45 സെന്റീമീറ്റര്‍ ഉയരവും 110 ഗ്രാം ഭാരവുമുള്ള കുഞ്ഞന്‍ റോക്കറ്റുകളുടെ വിക്ഷേപണം. ക്ലാസ് സി മോട്ടോറില്‍ വെടിമരുന്ന് ഇന്ധനമായി ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഏകദേശം 105 മീറ്റര്‍ ഉയരത്തില്‍ പോയ റോക്കറ്റ് തിരിച്ച് ഭൂമിയിലേക്ക് പതിച്ചു. 

വിക്ഷേപണ ദൗത്യത്തില്‍ മിഷന്‍ ഡയറക്ടര്‍, പ്രൊജക്ട് ഡയറക്ടര്‍, വെഹിക്കിള്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ കുട്ടികള്‍ തന്നെയാണ് വഹിച്ചത്. അമല്‍ജിത്തായിരുന്നു മിഷന്‍ ഡയറക്ടര്‍. ഇന്ത്യയില്‍ ആദ്യമായാണ് കാഴ്ചപരിമിതികളുള്ള കുട്ടികള്‍ മോഡല്‍ റോക്കറ്റുകളുടെ പരിശീലനത്തില്‍ പങ്കെടുത്ത് അതിന്റെ വിക്ഷേപണം നടത്തുന്നത്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണോട്ടിക്കല്‍ സയന്‍സില്‍ ഇന്ത്യന്‍ ബഹിരാകാശയാത്ര പരിശീലിച്ച എക്സോജിയോ എന്ന ബഹിരാകാശ പ്രസ്ഥാനത്തിന്റെ സ്ഥാപകയും സിഇഒയുമായ തിരുവനന്തപുരം സ്വദേശി ആതിര പ്രീത റാണിയാണ് വിക്ഷേപണത്തിനാവശ്യമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കിയത്. ദൗത്യം വിജയകരമായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിക്ഷേപണത്തിനുശേഷം ആതിര പ്രീത റാണി പറഞ്ഞു. വിക്ഷേപണം ലോകത്തിന് തന്നെ മാതൃകയാണെന്നും അവര്‍ പറഞ്ഞു. കാനഡ ഓട്ടവയില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ നടത്തുന്ന ആതിരയ്ക്കൊപ്പം ഭര്‍ത്താവ് ഗോകുല്‍ദാസും വിക്ഷേപണ ദൗത്യത്തില്‍ പങ്കെടുത്തു. കാര്‍മല്‍ ഗേള്‍സ് സ്കൂള്‍, തൈക്കാട് എല്‍പിഎസ്, പിഎംഎസ് ദന്തല്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു പുറമെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നുള്ളവരും ദൗത്യം വീക്ഷിക്കാന്‍ എത്തിയിരുന്നു. ബ്ലൈന്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ലീനയോടൊപ്പം സ്കൂളിലെ മറ്റു വിദ്യാര്‍ത്ഥികളും ചരിത്രദൗത്യത്തിന് സാക്ഷ്യം വഹിച്ചു.

Eng­lish Summary;A dream mis­sion by the stu­dents of blind school
You may also like this video 

Exit mobile version