Site iconSite icon Janayugom Online

സ്വർണം പണയം വച്ചും സ്വപ്നം കാക്കും: 
ഡബിൾ സ്ട്രോങ്ങായി മാഷും പിള്ളേരും

പണക്കൊഴുപ്പിന്റെ മത്സരവേദികളായി പലപ്പോഴും വിമർശിക്കപ്പെടുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഴിവും സമർപ്പണവും മാത്രം ആയുധമാക്കി മുന്നോട്ട് പോവുകയാണ് തിരുവനന്തപുരം നന്ദിയോട് എസ്‌കെവി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത 186 കുട്ടികളിൽ നിന്ന് 111 പേരെ ഇത്തവണ സംസ്ഥാന കലോത്സവ വേദിയിലെത്തിച്ചിട്ടുണ്ട് നന്ദിയോട്. ജൂൺ മാസം മുതൽ ആരംഭിച്ച നിരന്തര പരിശീലനമാണ് ഈ നേട്ടങ്ങൾക്ക് അടിസ്ഥാനം.
കലോത്സവ പരിശീലനത്തിനോ വസ്ത്രങ്ങൾക്കോ മേക്കപ്പിനോ ഒരു രൂപ പോലും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാതെയാണ് നന്ദിയോട് സ്കൂളിലെ കുട്ടികളെ മത്സരവേദിയിലെത്തിച്ചത്. അധ്യാപകർ സ്വന്തം വഴികളിൽ പണം കണ്ടെത്തിയാണ് എല്ലാ ചെലവുകളും വഹിച്ചത്. വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയത് യാത്രാചെലവ് മാത്രം. തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനം നേടണമെന്ന ഉറച്ച ലക്ഷ്യമാണ് ഇന്ന് 21 ഇനങ്ങളിലായി 111 വിദ്യാർത്ഥികളെ തൃശൂരിലേക്ക് എത്തിച്ചത്. അധ്യാപകരുടെ ഭാര്യമാരുടെ സ്വർണം ഉൾപ്പെടെ പണയം വച്ചും പണം കടം വാങ്ങിയുമാണ് കുട്ടികളുടെ കലാസ്വപ്നങ്ങൾ സാക്ഷാത്കരിച്ചതെന്ന് അവർ പറയുന്നു. പരിശീലകർക്ക് വലിയ തുകകൾ നൽകാൻ ഇനിയും ബാക്കിയുണ്ട്.
ജില്ലാതലത്തിൽ ഹൈസ്കൂൾ–ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ കിരീടവും യുപി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും യുപി–ഹൈസ്കൂൾ–ഹയർ സെക്കൻഡറി സംയുക്ത വിഭാഗത്തിൽ ഒന്നാം സ്ഥാനവും നന്ദിയോട് സ്കൂൾ സ്വന്തമാക്കി. കൂടാതെ ജില്ലയിലെ മികച്ച പൊതുവിദ്യാലയമായും സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സ്കൂളിലേക്ക് ആറു ഓവറോൾ ട്രോഫികൾ എത്തിയത് ഈ വർഷമാണ്. 1937ൽ സ്ഥാപിതമായ എസ്‌കെവി എച്ച്എസ്എസ് നന്ദിയോട്, 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുമ്പോൾ തിരുവനന്തപുരം ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികളെ മത്സരത്തിനയക്കുന്ന സ്കൂളായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ നാല് വർഷമായി സ്കൂളിലെ കലാപരമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്നത് ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ എം എസ് അനീഷാണ്. സ്കൂൾ പഠനകാലത്ത് സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട്, നാടകം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തെങ്കിലും ശാസ്ത്രീയ പരിശീലനം ലഭിക്കാത്തത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ തടസമായിരുന്നെന്ന് അദ്ദേഹം പറയുന്നു. അതേ അനുഭവം ഇന്നത്തെ കുട്ടികൾക്ക് ഉണ്ടാവരുതെന്ന ഉറച്ച തീരുമാനത്തോടെയാണ് അനീഷ് പ്രവർത്തിക്കുന്നത്. യുപി വിഭാഗത്തിലെ ഇംഗ്ലീഷ് അധ്യാപകൻ അർജുൻ യു ബി അനീഷിനൊപ്പം പൂർണ പിന്തുണയോടെ പ്രവർത്തിക്കുന്നു. പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളില്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് സ്കൂളിലെ ഭൂരിഭാഗവും. തിരുവനന്തപുരം ജില്ലയിലെ തനത് ആദിവാസി വിഭാഗമായ കാണിക്കാരുടെ കുട്ടികളും ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ആക്രി, പേപ്പർ ചാലഞ്ചുകൾ നടത്തിയാണ് കലോത്സവത്തിനായി ഇവർ കാശ് സ്വരൂപിച്ചത്.

Exit mobile version