Site iconSite icon Janayugom Online

മദ്രസകൾക്കെതിരായ നീക്കം; ലക്ഷ്യം മത ധ്രുവീകരണം

സംഘ്പരിവാറിന്റെ താത്വികാചാര്യനും സ്ഥാപകനേതാക്കളിൽ പ്രമുഖനുമായ ഗോൾവാൾക്കർ ‘നമ്മൾ അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിൽ ഇപ്രകാരം പറയുന്നു: ”ജർമ്മൻ വംശാഭിമാനം കാത്തുസൂക്ഷിക്കുന്നതിന് സെമിറ്റിക് വംശങ്ങളെ നിർമ്മാർജനം ചെയ്യുക വഴി ജർമ്മനി ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. വംശശുദ്ധി അതിന്റെ ഉന്നതിയിൽ പ്രകടമാക്കപ്പെട്ടിരിക്കുകയാണിവിടെ. വേ­രുകളിലെത്തുന്ന വ്യത്യാസങ്ങളുള്ള വംശങ്ങളും സംസ്കാരങ്ങളും ആഴത്തിൽ പോയി ഒന്നായിത്തീരുക എന്നത് മാത്രം അസാധ്യമാണെന്നും ജർമ്മനി കാണിച്ചുകൊടുത്തു. ഹിന്ദുസ്ഥാനിൽ നമുക്ക് പഠിക്കാനുള്ള മികച്ച പാഠമാണിത്”
അപ്രകാരം തങ്ങൾക്കനഭിമതമായതിനെ മുഖ്യധാരയിൽ നിന്നടർത്തിമാറ്റുന്ന ഹിന്ദുത്വ വർഗീയതയുടെ അന്യമതവിദ്വേഷ പ്രചരണത്തിന്റെയും മതധ്രുവീകരണത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്തെ മദ്രസ ബോർഡുകളെല്ലാം അടച്ചുപൂട്ടാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയ ദേശീയ ബാലാവകാശ കമ്മിഷന്റെ തീരുമാനം.
വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്ക് അനുസൃതമായാണ് മദ്രസകൾ പ്രവർത്തിക്കേണ്ടതെന്നും മദ്രസ ബോർഡുകൾക്ക് സംസ്ഥാന സർക്കാരുകൾ നൽകുന്ന ധനസഹായം നിർത്തണമെന്നുമാവശ്യപ്പെട്ട കമ്മിഷൻ 2009ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമപ്രകാരം സമത്വം, സാമൂഹിക നീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ നേടിയെടുക്കാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണ് ആവശ്യമെന്നും ഈ നിയമമനുസരിച്ച് മുസ്ലിം ഇതര കുട്ടികൾ മദ്രസകളിൽ പഠിക്കുന്നുണ്ടെങ്കിൽ അവരെ സ്കൂളിൽ ചേർക്കണമെന്നും നിർദേശിച്ചിട്ടുമുണ്ട്. 

ബാല്യം തൊട്ടേ മത ശിക്ഷണത്താലും ആത്മിക ബോധത്താലും മുസ്ലിം വിദ്യാർത്ഥികളെ പരുവപ്പെടുത്തുകയെന്ന ഇസ്ലാം മത നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഫലമാണ് മദ്രസകൾ അടക്കമുള്ള ഇസ്ലാം മത പഠന കേന്ദ്രങ്ങൾ.
എല്ലാ മതവിഭാഗങ്ങളും തങ്ങളുടെ മതത്തിന്റെ വിദ്യാർത്ഥികൾക്ക് ആത്മിക അധ്യാപനങ്ങൾ ചെറുപ്പം മുതൽ നൽകാറുണ്ടെങ്കിലും ക്രമീകൃതവും കേന്ദ്രീകൃതവുമായ മത പഠന സംവിധാനം മുസ്ലിങ്ങൾക്കാണുള്ളത്.
മദ്രസകളിൽ പ്രാഥമികമായി ഖുർആൻ, ഹദീസ്, ഫിഖ്ഹ് (ഇസ്ലാമിക കർമ്മ ശാസ്ത്രം), മറ്റ് അനുബന്ധ വിഷയങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇസ്ലാമിക വിഷയങ്ങൾ പഠിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ന്യൂനപക്ഷ കാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളുടെ വെബ്സൈറ്റുകളും മറ്റ് റിപ്പോർട്ടുകളും പ്രകാരം ഇന്ത്യയിൽ നിലവിൽ 38,000ത്തിൽ പരം മദ്രസകളാണുള്ളത്. ചില സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ബോർഡുകൾക്ക് കീഴിലാണ് അംഗീകൃത മദ്രസകൾ പ്രവർത്തിക്കുന്നത്.
രാജ്യത്ത് ഉത്തർപ്രദേശിലാണ് ഏറ്റവുമധികം മദ്രസകളുള്ളത്. ഏകദേശം 25,000ത്തിൽ പരം മദ്രസകളിൽ 16500ലധികം എണ്ണം അവിടെ അംഗീകൃതമാണ്. കുറഞ്ഞത് 17 ലക്ഷം വിദ്യാർത്ഥികളെങ്കിലും യുപിയിൽ മദ്രസകളിലൂടെ വിദ്യാഭ്യാസം നേടുന്നുണ്ട്.
ഇന്ത്യയിൽ ഇരുപതിലധികം സംസ്ഥാനങ്ങളിൽ മദ്രസ ബോർഡുകൾ നിലവിലുണ്ട്. അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരെയെല്ലാം നിയമിക്കുന്നതും ഈ ബോർഡുകളാണ്. 2023ൽ യുപിയിൽ മാത്രം, മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പത്തിനും പ്ലസ്ടുവിനും തത്തുല്യമായ പരീക്ഷയെഴുതിയത് 1.69 ലക്ഷം വിദ്യാർത്ഥികളാണെന്ന് കാണാൻ കഴിയും.
സംസ്ഥാന മദ്രസ ബോർഡുകൾക്ക് കീഴിലുള്ള മദ്രസകൾ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭാസത്തിന് തത്തുല്യമാണ്. മദ്രസ വിദ്യാർത്ഥികൾക്ക് മൗലവി (10-ാം ക്ലാസിന് തുല്യം), ആലിം (ക്ലാസ് 12ന് തുല്യം), കാമിൽ (ബാച്ചിലേഴ്സ് ഡിഗ്രി), ഫാസിൽ (മാസ്റ്റേഴ്സ്) എന്നിങ്ങനെയുള്ള യോഗ്യതകളും ലഭിക്കുന്നുണ്ട്. 

അതോടൊപ്പം കണക്ക്, സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യോളജി എന്നിവ നിർബന്ധിത വിഷയങ്ങളാണ്. ഹിന്ദു മുസ്ലിം മതഗ്രന്ഥങ്ങൾ തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും ചില മദ്രസകളിലുണ്ട്.
സ്കൂൾ, കോളജ് വിദ്യാഭ്യാസത്തോടൊപ്പം മദ്രസ പഠനം നടത്തുന്നതല്ല മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രീതിയെന്നതിനാലും മുഖ്യധാരാ വിദ്യാഭ്യാസത്തിന് അവിടങ്ങളിൽ ആശ്രയിക്കുന്നത് മദ്രസകളെയായതിനാലും അംഗീകൃത മദ്രസകൾക്ക് സംസ്ഥാന സർക്കാരുകളാണ് ധനസഹായത്തിന് ഭൂരിഭാഗം പങ്കും നൽകുന്നത്. കൂടാതെ കേന്ദ്രസർക്കാരിന്റെ ഫണ്ടും അവർക്ക് ലഭിക്കുന്നുണ്ട്.
ഇതിനുള്ള പ്രധാനകാരണം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തതകളും ലഭ്യത ഇല്ലാത്തതുമാണ്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗങ്ങളും പ്രത്യേകിച്ച് ദരിദ്ര, പാർശ്വവൽകൃത കുടുംബങ്ങൾ പൊതുപഠനത്തിന് മദ്രസകളെ ആശ്രയിക്കുന്നുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മദ്രസ സംവിധാനത്തിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലേത്. ഇവിടെ സമസ്തകേരള ജംഇയ്യത്തുൽ ഉലമ, കേരള നദ് വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി, കേരളജംഇയ്യത്തുൽ ഉലമ, തബ്ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടനകൾക്ക് കീഴിൽ 12,000ത്തിലധികം മദ്രസകൾ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ പരമായും സാമൂഹികമായും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായ സാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിലെ മദ്രസകൾക്ക് സർക്കാർ വക ഫണ്ടുകൾ ഒന്നും തന്നെ ലഭിക്കുന്നില്ല. മദ്രസ നടത്തിപ്പിനും മതാധ്യാപകരുടെ ശമ്പളത്തിനുമെല്ലാം ഫണ്ട് കണ്ടെത്തുന്നത് മഹല്ല് കമ്മിറ്റികളാണ്.
2014ൽ അധികാരത്തിലെത്തിയ ശേഷം ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യം വച്ച് ഇസ്ലാമോഫോബിയയും മതനിരപേക്ഷവിരുദ്ധതയും പടർത്തുന്ന ബിജെപിയുടെ വിദ്വേഷപ്രചരണങ്ങളെല്ലാം തന്നെ ഒരു വിഭാഗത്തിന്റെ മതപരമോ വംശീയമോ ആയ സ്വത്വം സംരക്ഷിക്കുന്നതിന്റെ പ്രശ്നം എന്ന നിലയിൽ മാത്രമായി നമുക്ക് കാണാൻ കഴിയില്ല. 

ഇപ്പോൾ മദ്രസകൾക്കെതിരായ നീക്കത്തിലൂടെയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സൗകര്യപ്രദമായ സംവിധാനം എന്ന നിലയിൽ ലഭ്യമായ ഭരണാധികാരത്തെ മൗലികാവകാശ ലംഘനങ്ങളിലൂടെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രം. മതവും വിശ്വാസവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവും അതിനെ നിർവചിക്കുന്നതിനും പ്രയോഗവല്‍ക്കരിക്കുന്നതിനുമുള്ള അവകാശം അതാത് വ്യക്തികളിൽ തന്നെ നിക്ഷിപ്തമാണെന്നുമിരിക്കെ വ്യക്തികളുടെ മതം സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറാൻ ഒരു കമ്മിഷനും അധികാരമില്ല. ചിലയിടങ്ങളിലെ മദ്രസകളിൽ പാകിസ്ഥാൻ അനുകൂല പഠനങ്ങൾ നടത്തുന്നു എന്ന കേവല പ്രസ്താവന നടത്തുകയല്ലാതെ ആരോപണത്തെ ആധികാരികമായി തെളിയിക്കത്തക്ക രേഖകൾ നൽകാൻ ബാലാവകാശ കമ്മിഷന് കഴിഞ്ഞിട്ടില്ല.
ഇനി അപ്രകാരമുള്ള പഠനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയെന്നല്ലാതെ മത വിദ്യഭ്യാസത്തെ പൂർണമായി നിർമ്മാർജനം ചെയ്യുന്നതിന്റെ യുക്തിയെന്താണ്? 

മദ്രസ പഠനം പൊതുവിദ്യഭ്യാസത്തെ തടസപ്പെടുത്തുന്നുവെന്നും മദ്രസകൾക്ക് നൽകുന്ന ഫണ്ട് നിർത്തലാക്കണമെന്നും പറയുമ്പോൾ രാജ്യത്ത് നിലനിൽക്കുന്ന അസമത്വം വിദ്യാഭ്യാസത്തിന്റെയും ക്ഷേമത്തിന്റെയും കാര്യത്തിൽ പൗരന്മാർക്കിടയിൽ സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യത്തെ കേന്ദ്രം തിരിച്ചറിയേണ്ടതുണ്ട്. 

ഇത് മുസ്ലിം വിദ്യാർത്ഥികളുടെ മാത്രം വിഷയം ആണെന്നും കരുതേണ്ട. ബൈബിൾ കോളജുകളിൽ പഠിക്കുന്നത് മലയാളികളേക്കാൾ ഉത്തരേന്ത്യയിൽ നിന്നുള്ളവരാണെന്ന് കാണാൻ കഴിയും. പല വിദ്യാർത്ഥികളും പഠനത്തിന് വരുന്നത് ബൈബിൾ കോളജുകളിൽ നിന്ന് ലഭിക്കുന്ന ‘ബാച്ചിലർ ഓഫ് തിയോളജി’ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വന്തം നാട്ടിൽ ഡിഗ്രി അവകാശപ്പെടാനും ജോലി സമ്പാദിക്കാനും കഴിയുമെന്നതുകൊണ്ടാണ്. 

വരുമാന അസമത്വവും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ലഭ്യതയുടെ അഭാവവും സാമൂഹ്യ പുരോഗതിക്ക് വളരെ വിശാലവും സമഗ്രവും ജനകേന്ദ്രീകൃതവുമായ സമീപനം സൃഷ്ടിക്കുന്നതിന് വിഘാതമാകുന്നു എന്നതാണ് യാഥാർത്ഥ്യം. കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നതിനപ്പുറം അറിവുല്പാദനമോ ജനാധിപത്യ സമൂഹത്തെ രൂപപ്പെടുത്തലോ വിദ്യാഭ്യാസത്തെ സാർവത്രികമാക്കലോ കേന്ദ്ര ഭരണകൂടത്തിന്റെ അജണ്ടയിലില്ലാത്തതിനാൽ തന്നെ രാജ്യത്ത് വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യഭ്യാസംപോലും അന്യമാണ്. അതുകൊണ്ട് ഭൗതിക വിദ്യാഭ്യാസത്തിനും ഉത്തരേന്ത്യയിൽ മദ്രസകളെ വിദ്യാർത്ഥികൾക്ക് ആശ്രയിക്കേണ്ടി വരുന്നതിനാലാണ് മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമെന്നോണം മദ്രസകളുടെ ശാക്തീകരണത്തിന് സച്ചാർ കമ്മിഷൻ മുമ്പ് നിർദേശം നൽകിയത്. ജനകീയവും സാർവത്രികവും ജനാധിപത്യപരവുമായ വിദ്യഭ്യാസ സമ്പ്രദായം നിലനിൽക്കുന്ന കേരളവുമായി ഉത്തരേന്ത്യയെ താരതമ്യം ചെയ്യാൻ കഴിയില്ല. 

ബഹുസ്വര സമൂഹത്തിൽ മുസ്ലിങ്ങളെ പൊതുധാരയിൽ നിന്ന് വ്യവസ്ഥാപിതമായി അപരവല്‍‌ക്കരിക്കുക എന്ന ഹിന്ദുത്വ കോർപറേറ്റ് ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗം തന്നെയാണ് മദ്രസ വിദ്യഭ്യാസം അട്ടിമറിക്കാനുള്ള ശ്രമത്തിലൂടെ പ്രകടമാവുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള തീവ്രമായ ആക്രമണങ്ങളുടെയും പ്രചരണങ്ങളുടെയും മറവിൽ ഭൂരിപക്ഷ വർഗീയാധിപത്യത്തെ സമർത്ഥമായി വളർത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
സിദ്ധാന്തത്തിലും പ്രയോഗത്തിലും ഫാസിസ്റ്റ് ആശയങ്ങൾ മുഖമുദ്രയാക്കിയിട്ടുള്ള സംഘ്പരിവാർ തങ്ങളുടെ ഒളിയജണ്ടകൾ ഓരോന്നായി ഭരണ കാലയളവിൽ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യ മതേതര ചിന്താഗതിക്കാരായ മുഴുവൻ പേരെയും അണിനിരത്തുന്ന ബൃഹത്തായ ജനമുന്നേറ്റങ്ങളിലൂടെ മാത്രമേ പ്രതിരോധം സാധ്യമാകൂ. 

Exit mobile version