Site iconSite icon Janayugom Online

മദ്യലഹരിയിലോടിച്ച കാര്‍ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു

മദ്യലഹരിയിലോടിച്ച കാര്‍ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മഠത്തില്‍ അബ്ദുള്‍ ഖാദര്‍ എന്നയാള്‍ ആണ് മരിച്ചത്. വെയിറ്റിങ് ഷെഡ്ഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുള്‍ ഖാദര്‍. ഈരാറ്റുപേട്ട നടയ്ക്കലില്‍ ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമായിരുന്നു അപകടം. വെയിറ്റിങ് ഷെഡ്ഡില്‍ സുഹൃത്തുമായി അബ്ദുള്‍ ഖാദര്‍ സംസാരിച്ചിരിക്കുന്നതിനിടെ, കൊണ്ടൂര്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാറാണ് വെയിറ്റിങ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറിയത്. യുവാക്കള്‍ കാറില്‍ വാഗമണിലേക്ക് പോകുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വാഹനം നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അബ്ദുള്‍ ഖാദറിന് മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെയിറ്റിങ് ഷെഡ്ഡില്‍ അബ്ദുള്‍ ഖാദറിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി. ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെയിറ്റിങ് ഷെഡിന് പുറമേ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് കാര്‍ നിന്നത്. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞുതൂങ്ങി.

Exit mobile version