അത്ഭുതം തോന്നുന്നുവല്ലേ? അതെ മാവേലിക്ക് അപരനുണ്ട്. ഭാരതീയ പുരാണത്തിലല്ലെന്ന് മാത്രം. ഈജിപ്റ്റിലാണ് ഈ അപരനുള്ളത്. നമ്മുടെ മഹാബലിയെപ്പോലെ തന്നെ പാതാളത്തിൽ നിന്നും പ്രജകളെ കാണാൻ വരുന്ന ഒരു ചക്രവർത്തി. ഓസിറിസ് എന്നാണ് ഈ ചക്രവർത്തിയുടെ പേര്. ജനക്ഷേമ തല്പരനായിരുന്നു. ഇദ്ദേഹത്തിന് സെത്ത് എന്നൊരു സഹോദരനുണ്ടായിരുന്നു. അധികാര മോഹിയും ദുഷ്ടനുമായിരുന്ന സെത്ത് സഹോദരനായ ഓസിറിസിനെ വധിച്ചു. എന്നാൽ നമ്മുടെ മഹാബലിയെപ്പോലെ നല്ലവനും ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന നന്മകൾ മാത്രം നിറഞ്ഞ രാജാവിന് ദേവന്മാർ തങ്ങളുടെ ദൈവിക ശക്തിയാൽ ജീവൻ തിരിച്ച് നൽകി. മാത്രമല്ല ജനക്ഷേമ തല്പരനായ ഓസിറസിനോട് വീണ്ടും രാജ്യം ഭരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ നീതിമാനായ അദ്ദേഹം രാജ്യം ഭരിക്കാൻ തയാറായില്ല. ഒരിക്കൽ താൻ മരിച്ച് കഴിഞ്ഞതാണെന്നും ഇനി രാജ്യം ഭരിക്കുന്നത് നീതിയല്ലെന്നും അതിനാൽ ശിഷ്ടകാലം പാതാളത്തിൽ കഴിഞ്ഞുകൊള്ളാമെന്നും, എന്നാൽ വർഷത്തിലൊരിക്കൽ ഭൂമിയിലെത്താൻ അനുവദിക്കണമെന്നും ഓസിറിസ് ദേവന്മാരോട് അപേക്ഷിച്ചു. അങ്ങനെ ഓസിറിസിന്റെ ആഗ്രഹം ദേവന്മാർ അംഗീകരിക്കുകയും ചെയ്തു. കൃഷിപ്പണി ആരംഭിക്കുന്ന കാലത്ത് ഓസിറിസ് ചക്രവർത്തി തങ്ങളെ കാണാൻ വരുമെന്ന് ഈജിപ്റ്റുകാർ വിശ്വസിക്കുന്നു. നമ്മുടെ ഓണത്തെപ്പോലെ തങ്ങളുടെ പ്രിയങ്കരനായ ചക്രവർത്തിയെ വരവേൽക്കാൻ അന്നേ ദിവസം ഈജിപ്റ്റുകാർ ഗംഭീരമായ ആഘോഷങ്ങൾ നടത്തുന്നു.