Site iconSite icon Janayugom Online

കാറ്റിൽ ഒരു തൂവൽ

ചിലർ അങ്ങനെയാണ്
ഗ്രാമത്തിലേക്കുള്ള അവസാന വണ്ടി
പുറപ്പെടാൻ തുടങ്ങുമ്പൊഴും
അപ്പോൾ മാത്രം പരിചയപ്പെട്ട
അപരിചിതനുമായ് അവർ
വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടേയിരിക്കും
മഴ പെയ്യുമെന്ന് ഓർമ്മിപ്പിച്ചാലും
കുടയെടുക്കാതെ
പുറത്തേക്ക് പോകും
അവർക്കറിയാം
ഒരു മഴ നനഞ്ഞാൽ
ജലദോഷമെന്ന മഹാരോഗമല്ലാതെ
മറ്റൊന്നും വരാനില്ലെന്ന്
തീയേറ്ററിൽ സിനിമ തുടങ്ങുന്നതിനുള്ള
അറിയിപ്പുമണി മുഴങ്ങിയാലും
സിഗററ്റിലെ അവസാന പുകയും
അകത്തേക്കെടുത്തതിന് ശേഷം മാത്രം
ഇരുട്ടിലേക്ക് നടക്കാൻ തുടങ്ങുന്നവർ
ടെലിവിഷനിൽ അന്തിച്ചർച്ചക്കാർ
ഇതാ ലോകം അവസാനിക്കൻ പോകുന്നേ എന്ന്
വലിയ വായിൽ അലറി
സ്വീകരണ മുറിയെ
കിടിലം കൊളളിക്കുമ്പോഴും
മകനോ, മകളോ നൽകിയ
ഒരു പാവക്കുട്ടിയുടെ
പൊളിഞ്ഞ ഭാഗങ്ങൾ
അവർ ശ്രദ്ധയോടെ
ശരിയാക്കുന്നുണ്ടാവും
ചിലർ അങ്ങനെയാണ്
അവർ ജീവിതത്തെ
ഒരു പോരാട്ടമായോ
വൈകിട്ട് അഞ്ചിന് തീർക്കേണ്ട
എന്തെങ്കിലും ജോലിയായോ കരുതുന്നില്ല
അതുകൊണ്ടുതന്നെ
ഒരു ബസ് യാത്രയിൽ
വൃദ്ധനോ പെൺകുട്ടിയോ
അവരുടെ ഇരിപ്പിടത്തിലേക്ക്
ദയാപൂർവം നോക്കിയാൽ
അവർക്ക് ഉറക്കം നടിക്കാൻ കഴിയില്ല
ഒന്നിനും ധൃതിപ്പെടാതെ
പേജുകൾ എണ്ണി തിട്ടപ്പെടുത്താതെ
അവർ ജീവിതമെന്ന മനോഹര പുസ്തകം
ചുണ്ടിലൊരു പുഞ്ചിരിയോടെ വായിച്ചു പോകുന്നു

Exit mobile version