Site iconSite icon Janayugom Online

കുടകിലെ സ്‌കൂളില്‍ തീപ്പിടിത്തം; ഏഴുവയസ്സുകാരന്‍ വെന്തുമരിച്ചു

കര്‍ണാടകയില്‍ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ഏഴുവയസ്സുകാരന്‍ വെന്തുമരിച്ചു. കുടക് ജില്ലയിലെ കട്ടഗേരിയിലെ ഹര്‍ മന്ദിര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് അപകടമുണ്ടായത്. രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ മടിക്കേരി ചെട്ടിമണി സ്വദേശി പുഷ്പക് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

വിദ്യാര്‍ഥികള്‍ ഉറങ്ങുന്നതിനിടെയാണ് റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ഥികള്‍ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ജീവനക്കാരും ഓടിയെത്തി വിദ്യാര്‍ഥികളെ രക്ഷിച്ചു. എന്നാല്‍, ഇതിനിടെയാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് ജീവനക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് വീണ്ടും കെട്ടിടത്തിനകത്ത് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. അപകടം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സമീപവാസികളും അഗ്നിരക്ഷാസേനയും എത്തിയാണ് തീയണച്ചത്. അപകടവിവരമറിഞ്ഞ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂളിലെത്തിയിരുന്നു. മടിക്കേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version