പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ താരകേശ്വർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മുത്തശ്ശൻ അറസ്റ്റിൽ. പൊലീസ് അന്വേഷണത്തിനിടെ മുത്തശ്ശൻ്റെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ കൊതുകുവലയുടെ അടിയിൽ നിന്ന് വലിച്ചെടുത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിൻ്റെ പരാതി.
പുലർച്ചെ കുട്ടിയെ കാണാതായതോടെ കുടുംബം പരിഭ്രാന്തിയിലായി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം ഉച്ചകഴിഞ്ഞ് സ്റ്റേഷന് സമീപമുള്ള അഴുക്കുചാലിന് സമീപം നഗ്നയായി, രക്തം പുരണ്ട നിലയിലാണ് കുട്ടിയെ ബന്ധുക്കൾ കണ്ടെത്തിയത്. കുട്ടിയുടെ കവിളിൽ കടിയേറ്റ പാടുകളുണ്ടായിരുന്നു. കേസ് അന്വേഷിക്കാൻ രൂപീകരിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് മുത്തശ്ശനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞെന്നും ഇയാളെ അറസ്റ്റ് ചെയ്തെന്നും ഹൂഗ്ലി റൂറൽ പൊലീസ് സൂപ്രണ്ട് കാംനാഷിഷ് സെൻ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.

