Site iconSite icon Janayugom Online

ഇന്ത്യയെ നയിച്ച പതിനാലുകാരൻ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിക്ക് ലോക റെക്കോര്‍ഡ്

ക്യാപ്റ്റനായ ആദ്യമത്സരത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച വൈഭവ് സൂര്യവംശിക്ക് ലോക റെക്കോര്‍ഡ് നേട്ടം. അണ്ടർ-19 യൂത്ത് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഇടിമിന്നലിനെത്തുടർന്ന് കളി മുടങ്ങിയതോടെ ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 25 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 301 റൺസിനു പുറത്തായി. ദക്ഷിണാഫ്രിക്ക 27.4 ഓവറിൽ നാലുവിക്കറ്റിന് 148 റൺസെടുത്തുനിൽക്കെ ഇടിമിന്നൽമൂലം കളി നിർത്തുകയായിരുന്നു. ക്യാപ്റ്റനായ ആദ്യകളിയിൽ ജയം നേടാനായെങ്കിലും ബാറ്റിങ്ങിൽ ഫോമിലേക്കുയരാൻ സൂര്യവംശിക്കായില്ല. 11 റൺസിന് താരം പുറത്താവുകയായിരുന്നു.

അതേസമയം ഇന്ത്യയെ നയിച്ചതോടെ സൂര്യവംശിയ്ക്ക്‌ ലോകറെക്കോഡ്‌ സ്വന്തമായി. യൂത്ത്‌ ഏകദിനത്തിലെ പ്രായംകുറഞ്ഞ ക്യാപ്‌റ്റനാണ്‌ 14 കാരനായ സൂര്യവംശി. പാക് താരം അഹമ്മദ് ഷെഹ്‌സാദിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്. ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ഏകദിനത്തിൽ പാക് അണ്ടർ-19 ടീമിനെ നയിക്കുമ്പോൾ ഷെഹ്‌സാദിന് 15 വയസ്സായിരുന്നു പ്രായം. അന്താരാഷ്ട്രക്രിക്കറ്റിൽ അണ്ടർ-19 തലത്തിലെ ഒരു ഫോർമാറ്റിൽ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനുമാണ് വൈഭവ്. വൈഭവിന് മുൻപ് യൂത്ത് ഏകദിനത്തിൽ ഇന്ത്യയെ നയിക്കുന്ന പ്രായം കുറഞ്ഞ ക്യാപ്റ്റൻ അഭിഷേക് ശർമയായിരുന്നു. 16 വയസ്സായിരുന്നു അന്ന് അഭിഷേകിന്റെ പ്രായം.

Exit mobile version