38-ാമത് ദേശീയ ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് സജന്‍ പ്രകാശ്. നീന്തലില്‍ 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ സജന് വെള്ളി നേടി. രണ്ടു മിനിറ്റ് 8.17 സെക്കന്റില്‍ മലയാളി താരം മത്സരം പൂര്‍ത്തിയാക്കി. കര്‍ണാടകയുടെ ഷോണ്‍ സുരജിത് ഗാംഗുലി സ്വര്‍ണവും ഗുജറാത്തിന്റെ ആര്യന്‍ നെഹ്‌റ വെങ്കലവും നേടി. ഇത്തവണത്തെ ദേശീയ ഗെയിംസില്‍ സജന്റെ നാലാമത്തെ മെഡലാണിത്. നേരത്തെ ഒരു സ്വര്‍ണവും ഇരട്ടവെങ്കലവും നേടിയിരുന്നു.
സെക്ലിങ് 15 കിലോ മീറ്റര്‍ സ്ക്രാച്ച് റേസില്‍ കേരളത്തിന്റെ അദ്വൈത് ശങ്കറിന് വെള്ളി. പുരുഷ ഫുട്ബോളിൽ കേരളം സെമി ഫൈനലിൽ കടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനെ 3–0ന് തോല്പിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. ഇതോടെ ആറ് സ്വര്‍ണം, അഞ്ച് വെള്ളി, നാല് വെങ്കലവുമായി കേരളത്തിന് ആകെ മെഡല്‍ നേട്ടം 15 ആയി. നിലവില്‍ 11-ാമതാണ് കേരളം. കര്‍ണാടകയാണ് തലപ്പത്ത്.