അമിതമായ അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രഖ്യാപനങ്ങളും വ്യാജമായ പ്രചരണങ്ങളുമായി മേനി നടിക്കുന്ന കേന്ദ്ര ഭരണാധികാരികളുടെ നിലപാടുകൾ തുറന്നുകാട്ടുന്ന വസ്തുതാന്വേഷണ റിപ്പോർട്ടുകൾ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ആഗോളതലത്തിൽ അത് ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കുന്നവയാണ്. ഓരോ റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും അവയെല്ലാം അവഗണിക്കുകയോ തള്ളിക്കളയുകയോ ആണ് കേന്ദ്ര സർക്കാരും അവരുടെ കൂലിക്കാരായ പ്രചരണവാദികളും ചെയ്തുവരാറുള്ളത്. ആഗോള പട്ടിണി സൂചിക, സന്തോഷ സൂചിക, പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട സർവേകൾ, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധ രാജ്യങ്ങളുടെ റിപ്പോർട്ടുകൾ എന്നിവയെല്ലാം ഇന്ത്യയുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തിയവയാണ്. അത്തരം ഘട്ടങ്ങളിൽ അവയെ പുച്ഛിച്ച് തള്ളുമ്പോൾതന്നെ വ്യവസായത്തിനനുകൂലമായ അന്തരീക്ഷമുള്ള രാജ്യം, സാമ്പത്തിക വളർച്ച നേടുന്ന രാജ്യങ്ങളിൽ മുന്നിൽ എന്നിത്യാദി അന്താരാഷ്ട്ര റിപ്പോർട്ടുകൾ ഇതേ ഏജൻസികളിൽ നിന്ന് പുറത്തുവന്നാൽ അത് വല്ലാതെ ആഘോഷിക്കുന്നതിൽ അവർ ഒരു മടിയും കാട്ടാറുമില്ല. കഴിഞ്ഞ ദിവസം ഇന്ത്യയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് പാനലിന്റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. തുടർച്ചയായ നാലാം വർഷമാണ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നിശിതമായ വിമർശനവുമായി യുഎസ് റിപ്പോർട്ട് പുറത്തുവന്നത്. നിലവിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നും അവരുടെ സാഹചര്യം നിരന്തരം മോശമായി കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്ന പാനൽ റിപ്പോർട്ട് രാജ്യത്തെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് നിർദേശിക്കുകയും ചെയ്യുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഇന്ത്യയ്ക്കെതിരെ ഇത്തവണയും ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. മറ്റു ചില രാജ്യങ്ങളും സമാനമായ പരാമർശങ്ങൾ ഇന്ത്യയെ കുറിച്ച് ഇതിന് മുമ്പ് നടത്തിയിരുന്നു. ഒരുവർഷം മുമ്പ് യുഎസ് പാനലിന്റെ സമാനമായ റിപ്പോർട്ട് ഉണ്ടായപ്പോൾ പക്ഷപാതപരവും കൃത്രിമവുമെന്ന് പറഞ്ഞ് സർക്കാർ തള്ളിയിരുന്നു. ഇത്തവണയും അതേ നിലപാട് തന്നെയാണ് ആവർത്തിച്ചിരിക്കുന്നത്.
ഇതുകൂടി വായിക്കൂ: അസമത്വവും അരാജകത്വവും സൃഷ്ടിക്കുന്ന കേന്ദ്രരാഷ്ട്രീയം
ഇന്ത്യയിലെ തൊഴിലില്ലായ്മ, സ്ത്രീ പുരുഷ അസമത്വവും സാമ്പത്തിക അസമത്വവും എന്നിവ സംബന്ധിച്ച് ദേശീയ — സാർവദേശീയ ഏജൻസികൾ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ടുകളോടും ഇതേ സമീപനമാണ് സ്വീകരിച്ചത്. ഇതിനെല്ലാം ശേഷമാണ് കഴിഞ്ഞ ഒരുവർഷം രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ അതിക്രമങ്ങൾ വിലയിരുത്തി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുന്നു. 180 രാജ്യങ്ങളുടെ പട്ടികയിൽ മുൻവർഷം 150-ാമതായിരുന്ന രാജ്യമാണ് 161ലേയ്ക്ക് താഴ്ന്നിരിക്കുന്നത്. യാഥാസ്ഥിതികത്വത്തിന്റെ പേരിൽ കുപ്രസിദ്ധമായ രാജ്യങ്ങൾ പോലും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നമ്മുടെ മഹത്തായ ജനാധിപത്യ രാജ്യത്തിന് മുകളിലാണ് നില്ക്കുന്നതെന്ന നാണക്കേട് ഇത്തവണയുമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ സാമ്പത്തിക പ്രതിസന്ധിയും ഭരണ അനിശ്ചിതത്വവും നേരിട്ട അയൽ രാജ്യമായ ശ്രീലങ്ക 157ൽ നിന്ന് 135-ാം സ്ഥാനത്തെത്തിയപ്പോഴാണ് ഇന്ത്യ പിറകോട്ട് പോയിരിക്കുന്നത്. സാധാരണപോലെ ഈ റിപ്പോർട്ടിനെയും തള്ളി അടുത്ത ദിവസങ്ങളിൽ കേന്ദ്ര സർക്കാർ രംഗത്തുവരുമെന്നുറപ്പാണ്.
ഇതുകൂടി വായിക്കൂ: കേന്ദ്രം വില്പനയ്ക്ക് വച്ച ജനസമ്പാദ്യം
പക്ഷേ കഴിഞ്ഞ ഒരുവർഷം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിലുണ്ടായ കടുത്ത നടപടികൾ വീക്ഷിക്കുന്നവർക്ക് തള്ളാവുന്നതല്ല പുതിയ റിപ്പോർട്ട്. ജമ്മു കശ്മീരിൽ മാത്രം ഒരു വർഷത്തിനിടെ നാല് മാധ്യമ പ്രവർത്തകരാണ് ജയിലിൽ അടയ്ക്കപ്പെട്ടത്. ഫഹദ് ഷാ, സജാദ് ഗുൽ, ആസിഫ് സുൽത്താൻ, മനൻ ഗുൽസാർ ഡാർ എന്നിവർ. മറ്റിടങ്ങളിൽ മൂന്നുപേരും ജയിലിലായി. മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ വാർത്ത തേടിയുള്ള യാത്രയ്ക്കിടയിൽ യുപിയിലെ ജയിലിൽ കിടന്നത് രണ്ടുവർഷത്തോളമായിരുന്നു. വിവിധ കേസുകളിൽപ്പെടുത്തി ജയിലിൽ അടച്ച അദ്ദേഹത്തിന് കോടതികൾ ജാമ്യം അനുവദിച്ചുവെങ്കിലും കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തി യുപി സർക്കാർ പിന്നെയും ആറുമാസത്തോളം ജയിലിൽ തന്നെ പാര്‍പ്പിച്ചു. കോവിഡ് മഹാമാരിക്കാലത്ത്, അതായത് 2020ൽ രാജ്യത്ത് ജയിലിലാവുകയോ കേസിൽ പ്രതികളാകുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്ത മാധ്യമ പ്രവർത്തകരുടെ എണ്ണം 154 ആയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച ഡോക്യുമെന്ററിയുടെ പേരിൽ ബിബിസിയെന്ന അന്താരാഷ്ട്ര വാർത്താ ഏജൻസി ഇന്ത്യയിൽ വേട്ടയാടപ്പെട്ടത്. അവർ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയുക മാത്രമല്ല, സ്ഥാപനത്തിനെതിരെ വിവിധ ഏജൻസികളെ ഉപയോഗിച്ച് നടപടി ആരംഭിക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന് പല്ലും നഖവുമുപയോഗിച്ച് ആകാവുന്നതെല്ലാം ചെയ്യുകയാണ് കേന്ദ്ര സർക്കാർ എന്നതുകൊണ്ടാണ് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാജ്യം വീണ്ടും ലോകത്തിന് മുന്നിൽ നാണംകെടേണ്ടിവന്നിരിക്കുന്നത്. ഫാസിസ്റ്റ് സർക്കാര്‍ വരുത്തിവയ്ക്കുന്ന ഈ മാനക്കേടിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മാര്‍ഗം യോജിച്ച പോരാട്ടങ്ങളിലൂടെ അവരുടെ നയങ്ങൾ തിരുത്തിക്കുക എന്നതുതന്നെയാണ്.