Site iconSite icon Janayugom Online

സർക്കാരുദ്യോഗം കിട്ടിയെന്നുവച്ച് തെങ്ങുകയറ്റം മറക്കണോ? മനോജ് പറയും…

manojmanoj

സർക്കാരുദ്യോഗം അലങ്കാരമായി കരുതുന്ന മുളവൂര്‍ സ്വദേശി മനോജിന്റെ മുഖ്യതൊഴില്‍ തെങ്ങുകയറ്റമാണ്. പുലർച്ചെ ആറ് മണിക്ക് തെങ്ങുകയറ്റം ആരംഭിക്കും. ഏഴരയോടെ ജോലി അവസാനിപ്പിച്ച് എട്ടിന് കൃത്യമായി മൂവാറ്റുപുഴ സബ് രജിസ്ട്രാർ ഓഫിസിൽ എത്തും. അവിടെ പാർട്ട് ടൈം സ്വീപ്പറാണ് മനോജ്. ഉച്ചയ്ക്ക് ജോലി കഴിഞ്ഞാൽ വീണ്ടും തെങ്ങുകയറ്റം. വൈകിട്ട് അഞ്ച് വരെ ഇതു തുടരും. ഇതിനിടയിൽ റബർ ടാപ്പിങ്, തെങ്ങ്, വാഴ, ജാതി, കപ്പ കൃഷി എന്നിവയ്ക്കും മനോജ് സമയം കണ്ടെത്തുന്നുണ്ട്. 

സർക്കാർ ജോലി കിട്ടിയാൽ പിന്നെ മറ്റെല്ലാ ജോലികളും മോശമാണ് എന്നു ധരിക്കുന്നവർക്ക് മുളവൂർ മറ്റത്തിൽ മനോജ് (53) ഒരു മാതൃകയാണ്. കർഷകനായ മനോജ് നാട്ടിൽ തെങ്ങുകയറ്റക്കാര്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ പായിപ്ര പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ തൊടുപുഴ രാജീവ് ഗാന്ധി സ്റ്റഡി സെന്ററിൽ നിന്നാണ് തെങ്ങുകയറ്റത്തിൽ പരിശീലനം നേടിയത്. 2015ൽ തെങ്ങുകയറ്റം ആരംഭിച്ചു. ഇതിനിടയിലാണ് സബ് രജിസ്ട്രാർ ഓഫിസിൽ ജോലി ലഭിച്ചത്. എങ്കിലും തെങ്ങുകയറ്റം വിട്ടില്ല. കാരണം തെങ്ങ് കയറാൻ തൊഴിലാളി ക്ഷാമം നേരിടുന്ന നാട്ടിൽ അത്രയേറെ വിളികളാണ് ദിവസവും മനോജിനെ തേടി എത്തുന്നത്. 

രാവിലെ ജോലിക്കു പോകന്നതിനു മുൻപ് രണ്ട് മണിക്കൂറെങ്കിലും തെങ്ങുകയറാൻ പോകും. ഉച്ചയ്ക്കു ജോലി കഴിഞ്ഞു വന്നാലും വിശ്രമമില്ല. മനോജ് ആരോടും കണക്കു പറഞ്ഞു കൂലി വാങ്ങാറില്ല. കൊടുക്കുന്നതു വാങ്ങും. കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന തന്റെ ഗ്രാമത്തില്‍ തെങ്ങുകയറ്റക്കാര്‍ക്ക് ക്ഷാമമുള്ളിടത്തോളം താന്‍ ഈ തൊഴില്‍ തുടരുമെന്ന് മനോജ് പറയുന്നു.

Eng­lish Sum­ma­ry: A Gov­ern­ment offi­cer thinks pride with his dai­ly work

You may also like this video

Exit mobile version