Site iconSite icon Janayugom Online

മലയാള സിനിമാ ലോകത്ത് സവിശേഷ സ്ഥാനം വെട്ടിപ്പിടിച്ചെടുത്ത മഹത് പ്രതിഭ: ബിനോയ് വിശ്വം

മലയാള സിനിമാലോകത്ത് മറ്റൊരാൾക്കും അവകാശപ്പെടാനാകാത്ത, തന്റേതു മാത്രമായ ഒരു സവിശേഷസ്ഥാനം വെട്ടിപ്പിടിച്ചെടുത്ത വലിയ പ്രതിഭയാണ് ശ്രീനിവാസൻ. പരമ്പരാഗത താരസങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞു കൊണ്ട് ശ്രീനിവാസൻ തിരശീലയിൽ അവതരിപ്പിച്ച പല കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തിലേക്ക് ഏറ്റെടുക്കുകയായിരുന്നു. ഒരു അഭിനേതാവെന്നതിനേക്കാൾ ശ്രീനിവാസൻ മലയാളികൾക്ക് പ്രിയങ്കരനായി മാറിയത് അദ്ദേഹം രചിച്ച നിരവധി തിരക്കഥകളിലൂടെയും സംവിധാനം നിർവഹിച്ച രണ്ടു ചിത്രങ്ങളിലൂടെയുമാണ്. 

ആക്ഷേപഹാസ്യത്തിന്റെയും ആത്മപരിഹാസത്തിന്റെയും മഷിക്കൂട്ടിൽ മുക്കി ശ്രീനിവാസൻ ഒരുക്കിയ സംഭാഷണങ്ങളും സന്ദർഭങ്ങളും തലമുറകളെ അതിജീവിച്ചുകൊണ്ട് ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് യോജിക്കാത്തവർക്കുപോലും മനം മറന്ന് ആസ്വദിക്കാനും ഹൃദയം തുറന്നു ചിരിക്കാനും വഴിയൊരുക്കിയ ആ ചിത്രങ്ങളും കഥാപാത്രങ്ങളും ചേർന്ന് ശ്രീനിവാസൻ എന്ന നടനെ, തിരക്കഥാകൃത്തിനെ സംവിധായകനെ നമ്മുടെയൊക്കെ മനസിൽ ചിരഞ്ജീവിയാക്കി തീർക്കുന്നു. 

ഇടതുപക്ഷമുൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിശിതമായി വിമർശിക്കാൻ ശ്രീനിവാസൻ ഒരിക്കലും മടി കാണിച്ചിട്ടില്ല. എങ്കിലും, ഇടതുപക്ഷത്തിന്റെ വിമർശനാത്മക ബന്ധുവായിട്ടാണ് അദ്ദേഹത്തെ സിപിഐ കാണുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന എല്ലാവരുടേയും ദു:ഖം സിപിഐ പങ്കിടുന്നുവെന്നും ബിനോയ് വിശ്വം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Exit mobile version