വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രപരമായ തീരുമാനവുമായി ഐസിസി. ഈ മാസം അവസാനം ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ പൂര്‍ണമായും വനിതാ മാച്ച് ഒഫീഷ്യല്‍സ് നിയന്ത്രിക്കും. വനിതാ ഏകദിന ലോകകപ്പിലെ ഫീല്‍ഡ് അമ്പയര്‍മാരും മാച്ച് റഫറിമാരും വനിതകളായിരിക്കും. വനിതാ ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് മുഴുവന്‍ വനിതകളാകുന്നത് ചരിത്രത്തിലാദ്യമായാണ്. 14 അംഗ അമ്പയറിങ് പാനലാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക. ക്ലയര്‍ പോളോസക്, ജാക്വിലിന്‍ വില്യംസ്, സു റെഡ്ഫെന്‍ എന്നിവര്‍ മൂന്നാം ലോകകപ്പിനാണ് അമ്പയര്‍മാരാകുന്നത്. ന്യൂസിലാന്‍ഡിന്റെ കിം കോട്ടന്‍, ദക്ഷിണാഫ്രിക്കയുടെ ലോറ അഗെന്‍ബഗ് എന്നിവര്‍ രണ്ടാം തവണയാണ് ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാനെത്തുന്നത്.
ട്രൂഡി ആൻഡേഴ്‌സൺ, ഷാൻഡ്രെ ഫ്രിറ്റ്‌സ്, ജി എസ് ലക്ഷ്മി, മിഷേൽ പെരേര എന്നിവരാണ് മാച്ച് റഫറി പാനലിലുള്ളത്. ലിംഗസമത്വം ഉറപ്പാക്കാനുള്ള ഐസിസിയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്നും വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലാണിതെന്നും ഐസിസി ചെയര്‍മാന്‍ ജയ് ഷാ പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന വനിതാ ഏകദിന ലോകകപ്പ് ഈ മാസം 30ന് ആരംഭിക്കും. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയില്‍ നടക്കും.

