ശതാബ്‌ദി പിന്നിട്ട അയിരൂർ എംടിഎച്ച്എസ് ഒരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയായി. പ്രഥമാധ്യാപക തസ്തികയിൽ നിന്നു വിരമിച്ച ഭർത്താവിൽ നിന്നു ഭാര്യ ചുമതല ഏറ്റെടുത്തു. പ്രഥമാധ്യാപകനായുള്ള ദീർഘകാല സേവനത്തിനു ശേഷം വിരമിച്ച നൈനാൻ കോശി ഭാര്യ സിമി ജോണിനെ പൂക്കൾ നൽകിയാണ് വരവേറ്റത്.
വരവേൽപ്പിന് നന്ദി അറിയിച്ച് ഭർത്താവിന് കൈ കൊടുത്ത് സിമി ജോൺ പ്രഥമാധ്യാപികയായി ചുമതലയേറ്റു. സന്തോഷ മുഹൂർത്തത്തിൽ ഇരുവർക്കുമൊപ്പം സ്കൂൾ ജീവനക്കാരും പിടിഎ ഭാരവാഹികളും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സ്കൂൾ മാനേജർ സൈമൺ ഏബ്രഹാം നിയമന ഉത്തരവ് കൈമാറി. പിടിഎ പ്രസിഡന്റ് ജോസ് ജോർജ് പൊന്നാടയണിയിച്ചു. 2002–ലാണ് നൈനാൻ കോശി അധ്യാപകനായി സ്കൂളിലെത്തുന്നത്. നൈനാൻ കോശി ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോൾ പിതാവ് കെ. എസ്. കോശി പ്രിൻസിപ്പലായിരുന്നു.

