വീടിനു പിന്നിൽ സ്വന്തമായി ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നളിനകുമാരി (67) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ഭർത്താവ് ക്രിസ്തുദാസിന്റെ ദീർഘനാളായുള്ള രോഗാവസ്ഥയും ആരോഗ്യസ്ഥിതി മോശമായതിലുള്ള മനോവിഷമവുമാണ് നളിനകുമാരിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരു വർഷത്തിലേറെയായി ക്രിസ്തുദാസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലായിരുന്നു നളിനകുമാരിയെന്ന് ബന്ധുക്കൾ പറയുന്നു. വീടിനു പിന്നിൽ ചിതയൊരുക്കി തീ കൊളുത്തിയ ഇവരെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ തീ കെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരത്തിൽ ആഴത്തിൽ പൊള്ളലേറ്റത് നില വഷളാക്കി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

