Site iconSite icon Janayugom Online

സംസ്ഥാനത്ത് ഭവന നിർമ്മാണ നയം അനിവാര്യം; മന്ത്രി കെ രാജൻ

കേരളത്തിന് ഒരു ഭവന നിർമാണ നയവും ഭവന സംസ്കാരവും ഉണ്ടാകണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ഇത് സ്ഥാന സർക്കാരിൻ്റെ ആലോചനയിലുണെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ നാലാം വാർഷികത്തിലെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി ഭവന നിർമ്മാണ ബോർഡിൻ്റെ ഗൃഹശ്രീ ഭവന പദ്ധതി ഗുണഭോക്താക്കൾക്കുള്ള അനുമതി പത്ര വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വീടും കെട്ടിടങ്ങളും നിർമ്മിക്കുന്നത് സ്വകാര്യ താൽപര്യം ആണെന്ന് കരുതി എന്തിനും അനുമതി കൊടുക്കാവുന്ന സാഹചര്യം നമ്മുടെ മുൻപിൽ ഇല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു നിർമ്മാണത്തെ വിലക്കാം എന്നല്ല. നാളെയും ഒരു ദുരന്തത്തിന് നാം അടിമപ്പെടാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതലായി സംസ്ഥാനത്ത് ഭവന നിർമ്മാണ നയം അനിവാര്യമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

നിരവധി പ്രയാസങ്ങളുടെ നടുവിലായിരുന്ന ഭവന നിർമാണ ബോർഡ് വലിയൊരു മുന്നേറ്റത്തിനൊരുങ്ങുകയാണ്. എറണാകുളത്ത് മംഗളവനത്തോട് ചേർന്ന് 18 ഏക്കർ ഭൂമിയിൽ 40 ലക്ഷം ചതുരശ്ര അടിയിൽ വലിയ വ്യാപാര സമുച്ചയം ഉടൻ സാക്ഷാത്കരിക്കരിക്കും. ഏതാണ്ട് 3062 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കുന്ന വമ്പൻ പദ്ധതിയാണിത്. പരിസ്ഥിതി എന്താണെന്ന് മനുഷ്യനെ പഠിപ്പിക്കാൻ രണ്ടര ഏക്കറിൽ മനോഹരമായ ഹരിതോദ്യാനവും ഹൗസിങ് ബോർഡ് നിർമ്മിക്കുന്നുണ്ട്. നാല് തലങ്ങളിലായിട്ടുള്ള കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം ഉടനെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തൃശൂരിൽ ഉൾപ്പടെ മെഡിക്കൽ കോളജുകളിൽ കൂട്ടിരിപ്പുകാർക്കായി ആശ്വാസ് വാടക വീട് ബോർഡ് സംസ്ഥാനത്ത് എല്ലായിടത്തും ആവിഷ്കരിച്ചിട്ടുണ്ട്. തൃശൂരിൽ ഇത് നിർമ്മാണം പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഭവന നിർമാണ ബോർഡ് ചെയർമാൻ ടി വി ബാലൻ അധ്യക്ഷത വഹിച്ചു. തൃശൂർ ഡെപ്യൂട്ടി മേയർ എം എൽ റോസി, ഹൗസിങ് ബോർഡ് മെമ്പർ ഗീതാ ഗോപി, കോർപറേഷൻ സ്റ്റാന്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ റോബ്സൺ, സി വി കുര്യാക്കോസ്, ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബോർഡ് കൊച്ചി മേഖല എഞ്ചിനീയർ ടി ആർ മഞ്ജുള സ്വാഗതം പറഞ്ഞു.

Exit mobile version