Site iconSite icon Janayugom Online

ഡൽഹിയിൽ അഞ്ചുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം; നാല് മരണം, മൂന്ന് പേർക്ക് പരിക്ക്

ഡൽഹിയിൽ അഞ്ചുനിലക്കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാലുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഡൽഹിയിലെ രോഹിണിയിലെ റിഥാല പ്രദേശത്ത് ഒന്നിലധികം നിർമ്മാണ യൂണിറ്റുകൾ സ്ഥിതി ചെയ്യുന്ന അഞ്ച് നിലക്കെട്ടിടത്തിലാണ് തീപിടിച്ചത്. ചൊവ്വ രാത്രിയായിരുന്നു സംഭവം. രോഹിണി സെക്ടർ ‑5 പ്രദേശത്തുള്ള കെട്ടിടത്തിലേക്ക് പതിനാറ് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ അറിയിച്ചു.

റിഥാല മെട്രോ സ്റ്റേഷന് സമീപമാണ് തീപിടിച്ച കെട്ടിടമെന്ന് ഡൽഹി ഫയർ സർവീസസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കെട്ടിട അവശിഷ്ടങ്ങളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. 80 ശതമാനം പൊള്ളലേറ്റ നിതിൻ ബൻസാൽ (31), രാകേഷ് (30), നിസ്സാര പൊള്ളലേറ്റ വീരേന്ദർ (25) എന്നിവരെ ബിഎസ്എ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ പുലർച്ചെയാണ് ഒന്നാം നിലയിൽ നിന്ന് മൂന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. പിന്നീട് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. രാവിലെ 6 മണിയോടെ താഴത്തെ നിലകളിൽ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. 

Exit mobile version