Site iconSite icon Janayugom Online

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരാത്ത നഷ്ടം

2015ല്‍ കാനം രാജേന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയി ചുമതലയേറ്റത് മുതല്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി ആയി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു. ഞങ്ങള്‍ തമ്മില്‍ ആ കാലയളവില്‍ ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ പരസ്പരം സംസാരിച്ചാല്‍ അതെല്ലാം മാറുമായിരുന്നു. പരസ്പരസ്നേഹത്തോടും സൗഹാര്‍ദത്തോടും കൂടിത്തന്നെയാണ് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്.

കാനത്തെ എഐവൈഎഫിന്റെ നേതാവായിരിക്കുന്ന കാലം മുതല്‍ അറിയാം. അക്കാലം മുതല്‍ തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ പ്രതിനിധിയായി വാഴൂരില്‍ നിന്ന് എംഎല്‍എ ആയപ്പോഴും കാനം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. എംഎല്‍എ എന്നുള്ള നിലയില്‍ വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നിയമസഭയില്‍ കാഴ്ചവച്ചിട്ടുള്ളത്.

സഭയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരുന്ന എംഎല്‍എ ആയിരുന്നു സഖാവ് കാനം രാജേന്ദ്രന്‍. അതിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയം ജില്ല കേന്ദ്രീകരിച്ചും എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍‍ത്തിച്ചു. 2015ല്‍ പാര്‍ട്ടി സെക്രട്ടറി ആയതിനു ശേഷം എഐടിയുസിയുടെ സംസ്ഥാന പ്രസിഡന്റായി തുടര്‍ന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ കര്‍ശന ബുദ്ധിയോടെ കാനം രാജേന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു സന്ദര്‍ഭത്തില്‍ കേരളത്തിലെ മന്ത്രിസഭയെപ്പോലും ബാധിക്കുന്ന തീരുമാനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി കാനത്തിന് സ്വീകരിക്കേണ്ടി വന്നു. അതില്‍ പാര്‍ട്ടി പൂര്‍ണമായ വിജയം കൈവരിക്കുകയും ചെയ്തു.

2016ലെ തെരഞ്ഞെടുപ്പില്‍ 19 എംഎല്‍എമാരും 21ല്‍ 17 എംഎല്‍എമാരും സിപിഐക്ക് ലഭിക്കുന്നതിനുള്ള കാരണവും കാനത്തിന്റെ സംഘടനാപാടവം തന്നെയാണ്. എല്ലാ ജില്ലകളിലും എത്തിച്ചേരുവാനും അവിടുത്തെ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും പരിഹരിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നല്ല സംഘാടകനും നര്‍മ്മബോധമുള്ള വാഗ്മിയും ഇരുത്തം വന്ന രാഷ്ട്രീയ നേതാവുമായിരുന്നു കാനം രാജേന്ദ്രന്‍. പാര്‍ട്ടിയുടെ സംഘടനാ ശേഷി മെച്ചപ്പെടുത്തുവാനും രാഷ്ട്രീയ നിലപാടുകളില്‍ വളരെ പക്വതയോടെ പ്രതികരിക്കുവാനും കാനം എപ്പോഴും ശ്രദ്ധിച്ചു. എല്ലാവരെയും പാര്‍ട്ടി കേഡര്‍മാര്‍ എന്ന നിലയില്‍ കണ്ടുകൊണ്ടുള്ള സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. കാനം രാജേന്ദ്രന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരാത്ത നഷ്ടമാണ്.

Eng­lish Sum­ma­ry: kanam rajen­dran demise
You may also like this video

Exit mobile version