Site iconSite icon Janayugom Online

നൂറുമേനി കൊയ്യാനൊരുങ്ങി ചാക്കരപാടം; മൂടാടി പഞ്ചായത്ത് വീണ്ടും മാതൃകയാവുന്നു

മൂടാടി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024–25ൽ ഉൾപ്പെടുത്തി ചെയ്യുന്ന ‘തരിശ് രഹിത ചാക്കര പാടശേഖരം’ പദ്ധതിയുടെ ഭാഗമായി 30 ഏക്കർ വരുന്ന തരിശ് ഭൂമിയിൽ കൃഷിയിറക്കി വിജയം കൊയ്ത്തിരിക്കുകയാണ് ചാക്കര പാടശേഖര സമിതിയിലെ കർഷകർ. വർഷങ്ങളായി തരിശായി കിടന്നിരുന്ന പാടശേഖരത്തിൽ മൂടാടി ഗ്രാമ പഞ്ചായത്ത്, കൂത്താളിയിലെ കാർഷിക യന്ത്രവത്ക്കരണ മിഷന്റെ സഹായത്തോടെ തോട് നിർമ്മിക്കുകയും നിലമൊരുക്കുകയും ചെയ്തത് കൊണ്ട് പാടശേഖരത്തിന്റെ വെള്ളക്കെട്ട് ഇല്ലാതാവുകയും തരിശ് ഭൂമി കൃഷിയോഗ്യമാവുകയും ചെയ്തു. നിലവിൽ പാടശേഖര സമിതിയിലെ കർഷകരെ കൂടാതെ വിവിധ വാർഡുകളിൽ നിന്നുള്ള കൃഷിക്കൂട്ടങ്ങളായ, പ്യുവർ ഹാർവെസ്റ്റ്, കർഷക സംഘം, മുന്നേറ്റം, കതിർ, കാർഷിക കർമ്മസേന തുടങ്ങിയവരും ഈ ഉദ്യമത്തിൽ പങ്കാളികളായി. 

ജ്യോതി, മട്ട ത്രിവേണി, രക്ത ശാലി, അറുപതാം കുറുവ എന്നീ അത്യുല്പാദന ശേഷിയുള്ള ഇനങ്ങളാണ് കൃഷി ചെയ്തത്. വർഷങ്ങളായുള്ള സ്വപ്ന സാക്ഷാത്കാരത്തിന്റെ ആഹ്ലാദത്തിലാണ് കർഷകർ. ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയ കർഷക ഗ്രുപ്പുകളും പാടശേഖര സമിതി ഭാരവാഹികളായ നാരായണൻ നായർ, മേൽനോട്ട സമിതി അംഗങ്ങളായിട്ടുള്ള, വാർഡ് മെമ്പർമാരായ രവീന്ദ്രൻ, ടി കെ ഭാസ്കരൻ, രജുല, ശ്രീധരൻ, പാടശേഖര സമിതിയുമായി സഹകരിച്ച എല്ലാവരെയും, എല്ലാവിധ സഹായങ്ങളുമായി ഒപ്പം നിന്ന കൃഷി ഓഫിസർ ഫൗസിയ, പഞ്ചായത്ത് ഭരണസമിതി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ അനുമോദിച്ചു.

Exit mobile version