2024 ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴ് ഘട്ടങ്ങളിലായാണ് 18-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ജൂണ്‍ നാലിന് ഫലപ്രഖ്യാപനമുണ്ടാവുകയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ നേതാവ് നരേന്ദ്ര മോഡി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് ഒരുമാസം മുമ്പുതന്നെ, അതായത് 2024 മാര്‍ച്ച് 17ന് അടുത്ത സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാര്‍ക്ക് മോഡി നിര്‍ദേശം നല്‍കിയിരുന്നതാണ്. അധികാരം തങ്ങള്‍ക്കുതന്നെയാകും എന്ന് സ്വയം ഉറപ്പിച്ചുകൊണ്ട്, ജനാധിപത്യപ്രക്രിയയെ കേവലമായിക്കണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി അങ്ങനെയൊരു തീരുമാനമെടുക്കുക അസ്വാഭാവികമാണ്. അത്രയേറെ അമിതവിശ്വാസത്തില്‍ നിന്നാണ് നരേന്ദ്ര മോഡിയും കൂട്ടരും ‘ചാര്‍ സൗ പാര്‍’ വിളംബരപ്പെടുത്തി പ്രചരണം കൊഴുപ്പിച്ചത്. സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അടുത്ത സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു മന്ത്രിമാര്‍ക്ക് നല്‍കിയ നിര്‍ദേശം. അവിടെയും അവസാനിച്ചില്ല, അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. ഫലം വന്നപ്പോള്‍ ബിജെപി നേടിയത് കേവലം 240 സീറ്റുകളാണ്. ജെഡിയു, തെലുങ്കുദേശം പാര്‍ട്ടികളെ ആശ്രയിച്ച് 293 സീറ്റുകളോടെ അധികാരത്തിലേറിയ മൂന്നാം മോഡി സര്‍ക്കാര്‍ 100 ദിവസം പിന്നിടുമ്പോള്‍ രാജ്യത്ത് അവശേഷിക്കുന്നത് ശൂന്യത മാത്രം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വര്‍ധിച്ച വര്‍ഗീയ സംഘര്‍ഷങ്ങളും ന്യൂനപക്ഷ വേട്ടയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ബുള്‍ഡോസര്‍രാജും ശക്തിപ്രാപിച്ചുവെന്നല്ലാതെ പൊതുസമൂഹത്തിന് ഗുണപരമായ ഒന്നും നടപ്പായില്ല.
കഴിഞ്ഞ രണ്ടു തവണകളിലെ 100 ദിന പദ്ധതികളില്‍ ഏകപക്ഷീയങ്ങളായെങ്കിലും വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. എന്നാല്‍ 2024 തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് സമ്മാനിച്ചത്. സഖ്യകക്ഷി ഭരണത്തില്‍ കൂട്ടുത്തരവാദിത്തം നിര്‍വഹിക്കേണ്ട ഭരണകൂടം ദിശാബോധമില്ലാതെ നീങ്ങുന്ന ദയനീയ ചിത്രമാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഭരണപരാജയം അംഗീകരിക്കുന്ന ബജറ്റാണ് സർക്കാർ ഇത്തവണ അവതരിപ്പിച്ചത്. തൊഴിലില്ലായ്മാ പ്രതിസന്ധിക്ക് പരിഹാരമായി കോർപറേറ്റുകൾക്കുള്ള തൊഴിൽ‑ലിങ്ക്ഡ് ഇൻസെന്റീവുകളും ഇന്റേൺഷിപ്പ് പ്രോഗ്രാമും ഉൾപ്പെടെ അഞ്ച് പദ്ധതികളുള്ള പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. ഈ രണ്ട് ആശയങ്ങളും കോൺഗ്രസ് പ്രകടനപത്രികയിൽ നിന്ന് കടമെടുത്തതാണെങ്കിലും പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും നിർദേശങ്ങൾ നടപ്പാക്കാനുള്ള നടപടികളില്ല. ഭക്ഷ്യസുരക്ഷയും, കര്‍ഷക ക്ഷേമവും പ്രസംഗിച്ചുകൊണ്ട് ഭക്ഷ്യ‑വളം സബ്സിഡി കുറച്ചു. ഗ്രാമീണ‑നഗര തൊഴിലില്ലായ്മ ഉയരുമ്പോള്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം വീണ്ടും കുറച്ചു. പിഎം കിസാൻ വിഹിതം വർധിപ്പിച്ചതുമില്ല. പൊതുക്ഷേമം ഉപേക്ഷിച്ച് അതിസമ്പന്നർക്ക് അനുകൂലമായ സാമ്പത്തിക മാതൃകയില്‍ തന്നെയാണ് സർക്കാരിന്റെ നയത്തുടർച്ചയെന്ന് നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നു. അധികാരത്തിൽ പിടിച്ചുനിൽക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും 100 ദിന പദ്ധതികളെന്നത് തങ്ങളുടെയും ദിവാസ്വപ്നം മാത്രമാണെന്നും മോഡിയും കൂട്ടരും ഉറപ്പിക്കുകയായിരുന്നു. ദരിദ്രരുടെയും ഇടത്തരക്കാരുടെയും നട്ടെല്ല് തകർക്കുന്ന ജനവിരുദ്ധ ബജറ്റ് മാത്രമല്ല, തീവ്രവാദ ആക്രമണങ്ങൾ ജമ്മു കശ്മീരിൽ ഉള്‍പ്പെടെ വര്‍ധിച്ചു. 16 മാസമായി കത്തുന്ന മണിപ്പൂരിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിരിക്കുന്നു. ചങ്ങാത്ത മുതലാളിയായ അഡാനിയുടെ കുംഭകോണത്തിന്റെ പുതിയ വെളിപ്പെടുത്തലും സെബി ചെയർപേഴ്‌സന്‍ മാധബി പുരി ബുച്ചിന്റെ പങ്കുകച്ചവടവും വാര്‍ത്തകളില്‍ നിറയുന്നു. നീറ്റ് പേപ്പർ ചോർച്ചയുള്‍പ്പെടെ തൊഴിലില്ലാപ്പടയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സംഭവങ്ങളിലും സര്‍ക്കാര്‍ നിഷ്ക്രിയമായിരിക്കുന്നു. ഇതേക്കുറിച്ചുള്ള പല അന്വേഷണങ്ങളും ഭരണകൂട ബന്ധത്തിലേക്ക് നീളുന്നതിന്റെ വാര്‍ത്തകളും വരുന്നു.
ശക്തമായ പ്രതിപക്ഷവും വിരുദ്ധ നിലപാടുള്ള സഖ്യകക്ഷികളും കൂടിയായപ്പോള്‍ എങ്ങനെയും അധികാരത്തില്‍ കടിച്ചു തൂങ്ങുക എന്ന നിസഹായാവസ്ഥയിലാണ് മോഡി സര്‍ക്കാര്‍. ഇന്ത്യ സഖ്യം ആവശ്യപ്പെടുന്ന ജാതി സെൻസസിനുള്ള സമ്മർദം സര്‍ക്കാരിനെ പിന്താങ്ങുന്ന ജെഡിയുവും ശക്തമാക്കിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ജാതി സെൻസസ് നടത്തുന്നതിനോട് എതിർപ്പില്ലെന്നും ഇതിനുള്ള നടപടിയുണ്ടാകുമെന്നും മുതിർന്ന ബിജെപി നേതാക്കൾ സൂചിപ്പിച്ചു. ‘ലാറ്ററൽ എൻട്രി’ നിയമനത്തിലും ബ്രോഡ്കാസ്റ്റിങ് സേവന ബില്ലിലും പ്രതിപക്ഷത്തിന് വഴങ്ങി പിന്മാറേണ്ടിവന്ന സര്‍ക്കാരിന് വിവാദ വഖഫ് ഭേദഗതി ബിൽ ജെപിസിക്ക് കൈമാറേണ്ടി വന്നു. അധികാരമേറ്റ് നൂറ് ദിവസം തികയുമ്പോൾ സംഘ്പരിവാർ അജണ്ടയോട് ചേർന്നുനിൽക്കുന്ന നീക്കങ്ങള്‍ പോലും നടത്താനായില്ല എന്ന ഗത്യന്തരമില്ലായ്മയിലാണ് മോഡി സര്‍ക്കാര്‍. ഇതിനിടയിലാണ് കൂനിന്‍മേല്‍ക്കുരുവെന്നപോലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ നിതിൻ ഗഡ്കരിയുടെ പ്രസ്താവന. പ്രതിപക്ഷം ശക്തിപ്പെടുന്നത് ജനാധിപത്യത്തിൽ സ്വാഗതാർഹമാണെന്നാണ് നിതിൻ ഗഡ്കരി പറഞ്ഞത്. പ്രതിപക്ഷവുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദേശിക്കുമ്പോള്‍ ചെന്നു തറയ്ക്കുന്നത് ഏകാധിപത്യം മുഖമുദ്രയാക്കിയ നരേന്ദ്ര മോഡിയില്‍ തന്നെയാണ്. അകത്തുനിന്നും പുറത്തു നിന്നും കടുത്ത സമ്മര്‍ദമുള്ളതുകൊണ്ട് തീരുമാനങ്ങളും നടപടികളുമില്ലാത്ത പാവസര്‍ക്കാരിന്റെ 100 ദിനങ്ങളാണ് കടന്നുപോയത്.