Site icon Janayugom Online

സ്കൂള്‍ കായികമേളയ്ക്കിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറി; അത്ഭുതകരമായി രക്ഷപ്പെടുത്തി

ഒഡിഷയില്‍‍ സ്കൂള്‍ കായികമേളയ്ക്കിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറി. ശനിയാഴ്ച ഒഡീഷയിലെ ബലംഗീർ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിന്റെ വാർഷിക കായികമേളയ്ക്കിടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവലിൻ തുളച്ചുകയറിയത്. സദാനന്ദ മെഹർ എന്ന വിദ്യാർത്ഥിയ്ക്കാണ് പരിക്കേറ്റത്. ജാവലിന്‍ എടുത്തുമാറ്റിയതായും കുട്ടി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. അഗൽപൂർ ബോയ്‌സ് പഞ്ചായത്ത് ഹൈസ്‌കൂളിൽ പരിശീലനത്തിനിടെ മറ്റൊരു വിദ്യാർത്ഥി എറിഞ്ഞ ജാവലിൻ മെഹറിന്റെ കഴുത്തിന്റെ വലതുഭാഗത്ത് തുളച്ചുകയറുകയായിരുന്നു. ജാവലിന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തിലൂടെ മറുഭാഗത്ത് എത്തിയിരുന്നു. 

താടിക്ക് താഴെ കുടുങ്ങിയ ജാവലിൻ സഹിതം കുട്ടിയെ ബലംഗീറിലെ ഭീമാ ഭോയ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ സുരക്ഷിതമായി ജാവലിന്‍ പുറത്തെടുക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. അതേസമയം അപകടനില തരണം ചെയ്തെങ്കിലും മെഹര്‍ ഐസിയുവില്‍ത്തന്നെ തുടരുകയാണ്. 

വിദ്യാർത്ഥിയുടെ കുടുംബത്തിന് 30,000 രൂപ അടിയന്തര സഹായം നൽകാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് ഉത്തരവിട്ടു. കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനും അതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കണ്ടെത്താനും മുഖ്യമന്ത്രി നവീൻ പട്‌നായിക്കും നിർദ്ദേശിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് കായികമേള താൽക്കാലികമായി നിർത്തിവച്ചു.

Eng­lish Sum­ma­ry: A javelin pierced a stu­den­t’s neck dur­ing a school sports event; Mirac­u­lous­ly saved

You may also like this video

Exit mobile version