Site iconSite icon Janayugom Online

കണ്ണില്‍ രണ്ട് കാരറ്റ് വജ്രം പതിപ്പിച്ച് ആഭരണക്കടയുടമ; ചെലവ് 16കോടി

കാഴ്ച നഷ്ടപ്പെട്ട തന്റെ വലതുകണ്ണിൽ വജ്രം പതിപ്പിച്ച് അലബാമ സ്വദേശിയായ 23കാരൻ സ്ലേറ്റർ ജോൺസ്. വജ്രം പതിപ്പിക്കാനായി ഏകദേശം 2 ദശലക്ഷം ഡോളർ (ഏകദേശം 16.6 കോടി രൂപ) ആണ് ഇദ്ദേഹം ചെലവഴിച്ചത്. ടോക്സോപ്ലാസ്മോസിസ് അണുബാധയെത്തുടർന്ന് 17-ാം വയസ്സിലാണ് സ്ലേറ്റർക്ക് വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായത്. ചികിത്സകൾ പരാജയപ്പെട്ടതോടെ കണ്ണ് നീക്കം ചെയ്യേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ഈ തിരിച്ചടിയെ തന്റെ ആഭരണ ഡിസൈനർ എന്ന കരിയറിന് അനുയോജ്യമായ ഒരു അവസരമായി മാറ്റാനാണ് ജോൺസ് തീരുമാനിച്ചത്. അങ്ങനെയാണ് ഈ കൃത്രിമക്കണ്ണിന് അദ്ദേഹം രൂപകൽപന ചെയ്തത്.

കൃത്രിമ അവയവ വിദഗ്ദ്ധനായ ജോൺ ഇമ്മുമായി സഹകരിച്ചാണ് കണ്ണ് നിർമിച്ചത്. കഴിഞ്ഞ 32 വർഷത്തിനിടെ 10,000ത്തോളം കൃത്രിമ കണ്ണുകൾ നിർമിച്ച വ്യക്തിയാണ് ജോൺ. ഈ കൃത്രിമക്കണ്ണിന്റെ ഐറിസിൽ രണ്ട് കാരറ്റ് സ്വാഭാവിക വജ്രക്കല്ലാണ് ചേർത്തതെന്നും മൂന്ന് കാരറ്റ് ചേരില്ലായിരുന്നുവെന്നും ജോൺ ഇം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വെളിച്ചത്തിൽ തിളക്കത്തോടെ പ്രകാശിക്കുന്ന ഈ കണ്ണ് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. അതേസമയം, 16 കോടി രൂപയുടെ വജ്രം കണ്ണിൽ കൊണ്ടുനടക്കുന്നതിലെ സുരക്ഷാ ആശങ്കകളും ചിലർ പങ്കുവയ്ക്കുന്നുണ്ട്. “നിങ്ങളുടെ രത്നം പതിച്ച കണ്ണിന് വേണ്ടി ആരെങ്കിലും നിങ്ങളെ ആക്രമിക്കുന്നതുവരെ എല്ലാം തമാശയായിരിക്കും,” എന്ന മുന്നറിയിപ്പും ചിലർ നൽകിയിട്ടുണ്ട്.

Exit mobile version