Site iconSite icon Janayugom Online

ആത്മവിശ്വാസത്തിന്റെ ആകാശയാത്ര; വീൽചെയറിലിരുന്ന് ബഹിരാകാശ യാത്ര നടത്തി മിഖേല ബെന്തോസ്

ശാരീരിക പരിമിതികളെ തോൽപ്പിച്ച് ബഹിരാകാശത്തോളം വളർന്ന നിശ്ചയദാർഢ്യവുമായി ജർമൻ യാത്രിക മിഖേല ബെന്തോസ് ചരിത്രം കുറിച്ചു. വീൽചെയറിൽ ഇരുന്ന് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വ്യക്തി എന്ന നേട്ടമാണ് മെക്കാട്രാണിക്സ് എഞ്ചിനീയറായ മിഖേല സ്വന്തമാക്കിയത്. സ്പേസ് എക്സ് കമ്പനിയിലെ മുൻ ജീവനക്കാരനായ ഹാൻസ് കനിങ്സ്മാനൊപ്പം ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു മിഖേലയുടെ യാത്ര. സമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ അതിർത്തിയായ കർമാൻ രേഖ ഇവർ വിജയകരമായി കടന്നു.

ഏഴ് വർഷം മുൻപ് ഒരു മൗണ്ടൻ ബൈക്കിങ് അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റതിനെത്തുടർന്നാണ് മിഖേല വീൽചെയറിലായത്. എന്നാൽ തന്റെ ബഹിരാകാശ സ്വപ്നം ഉപേക്ഷിക്കാൻ തയാറാകാതിരുന്ന അവർ ഒരു ബഹിരാകാശ എഞ്ചിനീയറുടെ സഹായം തേടുകയും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ കമ്പനിയുമായി ചേർന്ന് ഈ പത്ത് മിനിറ്റ് യാത്ര യാഥാർത്ഥ്യമാക്കുകയുമായിരുന്നു. യാത്രയുടെ ഓരോ നിമിഷവും താൻ ആസ്വദിച്ചുവെന്നും ഇതൊരു മനോഹരമായ അനുഭവമായിരുന്നുവെന്നും മിഖേല പറഞ്ഞു.

Exit mobile version