Site icon Janayugom Online

സൈബർ തട്ടിപ്പിലൂടെ 48 ലക്ഷം രൂപ തട്ടിയെടുത്ത കണ്ണൂർ സ്വദേശി അറസ്റ്റിൽ

ക്രിപ്റ്റോ കറൻസി ട്രേഡിങ് ചെയ്ത് വരുമാനം ഉണ്ടാക്കാം എന്ന ടെലിഗ്രാം സന്ദേശം വിശ്വസിപ്പിച്ച് റിട്ടയേർഡ് കരസേന ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും 48 ലക്ഷം രൂപ തട്ടിയെടുത്ത് ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തു കണ്ണൂർ കൂത്തുപറമ്പ് സയ്യാസ് ഹൗസിൽ ബഷീറിന്റെ മകൻ ആദിലിനെ (23) പാലക്കാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കണ്ണൂരിലുള്ള ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘത്തിന് കൈമാറി സൈബർ തട്ടിപ്പുകളിലൂടെ അക്കൗണ്ടിൽ എത്തുന്ന പണം ചെക്ക് വഴി പിൻവലിച്ച് പണം കൈമാറ്റം നടത്തി അതിന്റെ കമ്മീഷൻ കൈപ്പറ്റി വരികയായിരുന്നു. ഇയാളുടെ അക്കൗണ്ടുകളിലൂടെ തട്ടിപ്പ് സംഘത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സംസ്ഥാനത്തിനുള്ള ബാങ്ക് അക്കൗണ്ടിൽ പരാതിക്കാരന്റെ 20 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചിരുന്നതിൽ നിന്നും 5 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് വക മാറ്റി, ചെക്ക് വഴി പിൻവലിച്ച് മറ്റൊരാൾക്ക് പണം കൈമാറി കമ്മീഷൻ കൈപ്പറ്റിയതായിട്ടാണ് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. 

സൈബർ തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പാലക്കാട് സൈബർ ക്രൈം പോലീസ്, തട്ടിപ്പുകാർ ഉപയോഗിച്ച വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ വിശകലനം ചെയ്തു പണം വിനിമയ രീതി അപഗ്രഥിച്ചാണ് കണ്ണൂരിലുള്ള അക്കൗണ്ട് ഉടമയിലേക്ക് അന്വേഷണം ചെന്നെത്തിയത്. ഡി സി ആർ ബി ഡി വൈ എസ് പി രാജേഷി ന്റെ മേൽനോട്ടത്തിൽ പാലക്കാട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ അനൂപ് മോൻ പി ഡി, എസ് ഐ രാജേഷ് വി, എഎസ്ഐ മനേഷ് എം, എസ് സി പി ഒ ഉല്ലാസ് കുമാർ കെ, സിപിഒ നിയാസ് കെ, എന്നിവർ ഉൾപ്പെട്ട സംഘമാണ് വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. സൈബർ തട്ടിപ്പുകളിൽ കേരളത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ കൂടുതലായി ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ നിരീക്ഷിച്ചുവരികയാണെന്നും എസ് പി വ്യക്തമാക്കി.

Eng­lish Summary:A Kan­nur native was arrest­ed for steal­ing Rs 48 lakh through cyber fraud
You may also like this video

Exit mobile version