Site iconSite icon Janayugom Online

വഴിയോരത്തെ വലിയ കല്ല് അപകടത്തിന് കാരണമാകുന്നു

സംസ്ഥാനപാതയോരത്ത് അപകടക്കെണിയൊരുക്കി വലിയ പാറക്കല്ല്. കുമളി — മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം ബിഎഡ് കോളജിന് സമീപമാണ് വലിയ പാറക്കല്ല് റോഡിലേക്കിറങ്ങി കിടക്കുന്നത്. ഇന്നലെ രാവിലെ വഴിയോരത്ത് കിടക്കുന്ന വലിയ കല്ലില്‍ തട്ടി കാറിന്റെ ഒരു ഭാഗം തകര്‍ന്നു. ഉടുമ്പന്‍ചോലയില്‍ നിന്നും കട്ടപ്പനയ്ക്ക് പോകുകയായിരുന്ന കാറാണ് കല്ലില്‍ തട്ടി അപകടത്തില്‍ പെട്ടത്. കാറിന്റെ ഒരു ടയര്‍ പൊട്ടിപ്പോകുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.  രണ്ട് വര്‍ഷം മുമ്പുണ്ടായ മണ്ണിടിച്ചിലില്‍ റോഡിലേക്ക് മണ്ണും കല്ലും പതിച്ചിരുന്നു.

റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചിരുന്നെങ്കിലും മണ്ണിനോടൊപ്പം ഉണ്ടായിരുന്ന വലിയ കല്ല് ഇതുവരെ നീക്കം ചെയ്തില്ല. നിരവധി വാഹനങ്ങളാണ് ഈ കല്ലില്‍ തട്ടി അപകടത്തില്‍ പെടുന്നത്. പത്തിലധികം കാറുകള്‍ ഇതിനോടകം ഈ കല്ലില്‍ തട്ടി അപകടത്തില്‍ പെട്ടിട്ടുണ്ട്. നിരവധി ഇരുചക്ര വാഹനങ്ങളും കല്ലില്‍ തട്ടി മറിയുകയും യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കല്ലുകിടക്കുന്ന സ്ഥലത്തിന് സമീപമായി കെഎസ്ആര്‍ടിസിയുടെ വര്‍ക്ക്ഷോപ്പ് ഉള്ളതിനാല്‍ നിരവധി ബസുകള്‍ റോഡിന്റെ മറുവശത്ത് പാര്‍ക്ക് ചെയ്യാറുള്ളതിനാല്‍ വാഹനങ്ങള്‍ക്ക് കല്ല് പെട്ടെന്ന് കാണാന്‍ സാധിക്കില്ല. ഇതും ചെറിയ വളവുള്ളതുമാണ് വാഹനങ്ങള്‍ കല്ലില്‍ തട്ടി അപകടമുണ്ടാകാന്‍ കാരണം. റോഡിലെ അപകടകരമായ ഈ കല്ല് നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും വാഹനയാത്രക്കാരും ആവശ്യപ്പെട്ടു.

eng­lish sum­ma­ry; A large stone on the side of the road caus­es an accident

you may also like this video;

Exit mobile version