തമിഴ്‌നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം കൂട്ടിൽ തിരിച്ചെത്തി. രണ്ടു ദിവസമായി മൃഗശാല അധികൃതരും ഉദ്യോഗസ്ഥരും സിംഹത്തിനായി വിപുലമായ തിരച്ചിൽ നടത്തുകയായിരുന്നു. അൽപം മുമ്പാണ് സിംഹം സ്വയം കൂട്ടിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ‘ഷേർയാർ’ എന്ന് പേരുള്ള അഞ്ച് വയസ്സുകാരനായ ആൺസിംഹത്തെ കാണാതായത്. വൈകുന്നേരം പതിവായി കൂടിനടുത്തേക്ക് മടങ്ങിയെത്താറുണ്ടായിരുന്ന സിംഹം അന്ന് സന്ധ്യ കഴിഞ്ഞിട്ടും എത്തിയില്ല. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന സിംഹമാണിത്. സാധാരണ പരിശീലനത്തിന്റെ ഭാഗമായി സിംഹങ്ങൾ ഇത്തരത്തിൽ ഒന്നോ രണ്ടോ ദിവസം കൂട്ടിലേക്ക് വരാതിരിക്കുന്നത് പതിവാണെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സിംഹത്തെ പാർപ്പിച്ചിരുന്ന 50 ഏക്കർ പരിധിയിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്. സിംഹത്തെ കണ്ടെത്താനായി തെർമൽ ഇമേജിങ് ഡ്രോണുകളും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു. കാണാതായ സിംഹം ഈ 50 ഏക്കർ പരിധിയിൽ ഉണ്ടാകുമെന്ന് മൃഗശാല അധികൃതർക്ക് ഉറപ്പുണ്ടായിരുന്നു. സിംഹം കൂട്ടിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിംഹത്തെ കാണാതായതിനെ തുടർന്ന് പൊതുജനങ്ങൾക്ക് മൃഗശാലയിലേക്ക് പ്രവേശനം താൽക്കാലികമായി നിരോധിച്ചിരുന്നു.

