Site iconSite icon Janayugom Online

ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയിൽ തീ കൊളുത്തി; യുവാവ് പിടിയിൽ

തലയോലപ്പറമ്പില്‍ പാർക്ക് ചെയ്തിരുന്ന എല്‍പിജി സിലിണ്ടർ കയറ്റിയ ലോറിയിലെ സിലണ്ടറിനു യുവാവ് തീ കൊളുത്തി. സംഭവത്തിൽ കടപ്ലാമറ്റം സ്വദേശിയെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക ദൗർബല്യമുള്ള ആളാണോ യുവാവ് എന്നു പൊലീസ് സംശയിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 12.30 ഓടെ തലയോലപ്പറമ്ബ് വെട്ടിക്കാട്ട്മുക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം. എറണാകുളത്തുനിന്നു ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറിയുടെ ഡ്രൈവർ വെട്ടിക്കാട്ട്മുക്ക് സ്വദേശിയായതിനാല്‍ ലോറി സ്ഥിരമായി ജംഗ്ഷനിലാണ് പാർക്ക് ചെയ്തിരുന്നത്.

ലോറിയുടെ മുകളില്‍ കയറിയ യുവാവ് ഇന്ധനം നിറച്ചിരുന്ന ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നു. ആ സമയം കാറിലെത്തിയ ആള്‍ തീപടരുന്നത് സമീപത്തെ വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ ഉടൻ പൊലീസിലും വൈക്കം ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മറ്റ് സിലിണ്ടറുകള്‍ക്കു തീപിടിക്കാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.

Exit mobile version