Site icon Janayugom Online

വാഹന യാത്രക്കാരെ ഉരുകിയ ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ചെലവന്നൂരില്‍ വാഹനയാത്രക്കാരെ ഉരുകിയ ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഐപിസി 308, 326 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നടന്ന സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ 8 പേരെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൃഷ്ണപ്പനാണ് ടാര്‍ ഒഴിച്ചതെന്നാണ് സൂചന. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു. കണ്ടാല്‍ അറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് പരിക്കേറ്റവരുടെ പരാതി.

അതേ സമയം വാഹനയാത്രക്കാര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആരോപണ വിധേയര്‍ പൊലീസിനോട് പറഞ്ഞു. വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ കൃഷ്ണപ്പന്റെ കൈയിലുണ്ടായിരുന്ന ടാര്‍ യാത്രക്കാരുടെ ദേഹത്ത് വീഴുകയായിരുന്നുവെന്നും അത് മനപൂര്‍വമല്ലെന്നും പ്രതികള്‍ പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു. ടാറിങ്ങിനായി ഗതാഗതം നിയന്ത്രിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കള്‍ക്കാണ് ഗുരുതര പൊള്ളലേറ്റത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

ടാര്‍ ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചില്ല എന്ന് യാത്രക്കാര്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. ടാര്‍ ഒഴിച്ചത് തമിഴ്‌നാട് സ്വദേശിയെന്നാണ് പൊള്ളലേറ്റ യാത്രക്കാര്‍ പറഞ്ഞത്. തര്‍ക്കം ഉണ്ടായിരുന്ന സമയത്ത് മലയാളികള്‍ ഉണ്ടായിരുന്നു. സംഭവം പ്രശ്‌നമായതിനെ തുടര്‍ന്ന് ടാര്‍ ഒഴിച്ച തൊഴിലാളികള്‍ ഓടി മറയുകയായിരുന്നു. വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ചിലവന്നൂര്‍ റോഡില്‍ കുഴി അടക്കുന്ന ജോലിക്കാരനാണ് ടാര്‍ ഒഴിച്ചത്.

Eng­lish sum­ma­ry; A man has been arrest­ed in the inci­dent of burn­ing pas­sen­gers with molten tar

You may also like this video;

Exit mobile version