അമിത ലാഭം വാഗ്ദാനംചെയ്ത് ആലപ്പുഴ കൈനടി സ്വദേശിയിൽനിന്ന് 56 ലക്ഷം രൂപയോളം തട്ടിയയാളെ പൊലീസ് പിടികൂടി. എറണാകുളം ആലുവാ ബാങ്ക് കവലയിൽ ചെറുലോഴം വീട്ടിൽ ഹരിദാസ് നാരായണൻപിള്ളയെയാണ് (64) കൈനടി പൊലീസ് പിടികൂടിയത്. 2019 മുതൽ 2025 വരെ കാലയളവില്‍ പലപ്പോഴായാണ് ഇയാൾ പണം തട്ടിയത്. നിക്ഷേപിച്ച പണമോ ലാഭ വിഹിതമോ തിരികെ കിട്ടാതെ വന്നപ്പോഴാണ് പണം നല്‍കിയയാള്‍ക്ക് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് കൈനടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാ പ്രതി അങ്കമാലി ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് തിങ്കൾ രാത്രി 8.30ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ രാമങ്കരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൈനടി എസ്എച്ച്ഒ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐ പി എസ് അംശു, സിപിഒമാരായ ജോൺസൺ, പ്രവീൺ, സനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

