കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ ചലനങ്ങൾ രൂപപ്പെട്ട പാറക്കടവ് കേന്ദ്രമാക്കി ശൂരനാട് രക്തസാക്ഷികൾക്ക് ഒരു സ്മാരകമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാർഥ്യമാകുന്നു. ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടേയും നേതൃത്വത്തിൽ രക്തസാക്ഷി സ്മാരക ആഡിറ്റോറിയത്തോടു ചേർന്നാണ് രക്തസാക്ഷികളുടെ ഓർമ്മകൾ നിലനിൽക്കത്തക്കവിധം വായനശാല ഉയരുന്നത്. ഇതിനായി ഇരു പാർട്ടികളും ചേർന്ന് സമാഹരിച്ച പുസ്തകങ്ങൾ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ വെച്ച് ഇരുകമ്യൂണിസ്റ്റ് പാർട്ടികളുടേയും ജില്ലാ സെക്രട്ടറിമാർ ഏറ്റുവാങ്ങി.ആയിരത്തി തൊള്ളായിരത്തി അൻപതിന്റെ ആദ്യ വർഷങ്ങളിൽ മൂട്ടയും, കൂറയും അരിയ്ക്കുന്ന കാറ്റും വെളിച്ചവും കടക്കാത്ത മലമൂത്രങ്ങളുടെ ദുർഗ്ഗന്ധം തളം കെട്ടി നിൽക്കുന്ന കൊല്ലം കസബ പോലീസ് സ്റ്റേഷൻ ലോക്കപ്പിന്റെ അകത്തളങ്ങളിൽ ക്രൂരമായ പോലീസ് മർദ്ദനമേറ്റ് മരണത്തോടു മല്ലടിച്ചു കഴിഞ്ഞിരുന്ന സഖാവ് പുരുഷോത്തമക്കുറുപ്പിന്റെ അന്തിമാഭിലാഷമായിരുന്നു ശൂരനാട് രക്തസാക്ഷികൾക്ക് പാറക്കടവിൽ ഒരു സ്മാരകം ഉയരണം എന്നുള്ളത്. ശൂരനാട് കേസിൽ പ്രതികളായ സഖാക്കളിൽ വളരെ പ്രായം കുറഞ്ഞ ആളായിരുന്നു സഖാവ് പുരുഷോത്തമക്കുറുപ്പ്.
ശൂരനാട് സമരത്തിൽ രക്തസാക്ഷികളായവരിലും പ്രായം കുറഞ്ഞ രണ്ട് പേർ ഒരാൾ കാഞ്ഞിരപ്പള്ളി ൽ വടക്ക് പുരുഷോത്തമക്കുറുപ്പും മറ്റൊരാൾ മഠത്തിൽ ഭാസ്കരൻ നായരും ആയിരുന്നു. രണ്ടാൾക്കും ഏകദേശം ഇരുപതിനോട് അടുത്തായിരുന്നു അന്ന് പ്രായം. പാറക്കടവ് ചന്തയിൽ വെച്ചു സഖാവ് പരമു നായരോടുള്ള അടുപ്പം രണ്ടാളുകളേയും ജനാധിപത്യ യുവജന സംഘടനയുടെ പ്രധാന പ്രവർത്തകരാക്കി മാറ്റി. അക്കാലത്ത് ചേർന്ന യുവജന സംഘടനയുടെ സമ്മേളനത്തിന്റെ പ്രചരണത്തിലും പ്രവർത്തനങ്ങളിലും ഇവർ ചുക്കാൻ പിടിച്ചു. ജാഥയിൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതിലും പഴയ പത്രക്കടലാസിന്റെ പിന്നാമ്പുറത്ത് ചകിരി ചതച്ച് ചുമന്ന മഷി കൊണ്ട് എഴുതി സമ്മേളനത്തിന്റെ വിളംബരം അറിയിക്കുന്നതിലും മുൻപന്തിയിൽ സഖാവ് പുരുഷോത്തമക്കുറുപ്പ് ഉണ്ടായിരുന്നു. ഈ മുന്നിട്ടിറങ്ങിയ പ്രവർത്തനങ്ങൾ ചെറിയ ബുദ്ധിമുട്ടല്ല തെന്നില ജൻമിമാർക്ക് ഉണ്ടാക്കിയത്. ഇവരെ പ്രതി ചേർക്കാൻ ഇടയാക്കിയ ജൻമിമാരുടെ ചൊരുക്കും ഇതായിരുന്നു.
തെന്നിലക്കാരുടെ ആശ്രിതരായിരുന്നു ഇവരുടെ കുടുംബങ്ങൾ. ആനിലയിൽ ഇവരെ രക്ഷപെടുത്തണം എന്ന് കുടുംബാഗങ്ങൾ സമീപിച്ചതും ജൻമി കുടുംബത്തെ തന്നെ ആയിരുന്നു. സംഭവത്തിൽ നേരിട്ട് പങ്കി ല്ലാത്തതിനാൽ ഇവർ രണ്ടു പേരും ഒളിവിൽ
പോയിരുന്നില്ല. ശൂരനാട്ടു നിന്നു തന്നെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. ആദ്യം അടൂർ ലോക്കപ്പിലും പിന്നീട് കൊല്ലം കസബ സ്റ്റേഷനിലും എത്തിക്കുകയായിരുന്നു.
സഖാവ് അയണിവിള കുഞ്ഞു പിള്ള ജയിലിൽ എത്തിയതിനു ശേഷമാണ് പുരുഷോത്തമക്കുറുപ്പിന് പോലീസുകാരിൽ നിന്നും ഏറ്റവും ക്രൂരമായ മർദ്ദനം അനുഭവിക്കേണ്ടിവന്നത്. അസാമാന്യമായ ആരോഗ്യമുള്ള കുഞ്ഞു പിള്ളയെ പാരിപ്പള്ളി സ്റ്റേഷനിലെ പോലീസുകാർ നന്നായി കൈകാര്യം ചെയ്തിട്ടാണ് കൊല്ലം കസബ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവിടുത്തെ മർദ്ദകവീരൻമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും കുഞ്ഞു പിള്ളയെ വീഴ്ത്താൻ കഴിഞ്ഞില്ല. ഒടുവിൽ അന്നത്തെ കാലത്തെ പ്രസിദ്ധമായ കിഴവി പ്രയോഗത്തിലൂടെ കുഞ്ഞു പിള്ളയെ വീഴ്ത്തി. ഇത് കണ്ടു നിന്ന അൽപ്പം ജാതി സ്പിരിറ്റ് ഉണ്ടായിരുന്ന ഒരു പോലീസുകാരൻ അടുത്ത ദിവസം കാലത്ത് പ്രതികളെ ചിക്കിനിറക്കിയപ്പോൾ സഖാവ് പുരുഷോത്തമക്കുറുപ്പിന്റെ ശരീരത്താണ് ചൊരുക്ക് തീർത്തത്. നെഞ്ചിനും, പുറത്തും ഇരു കൈകൾ ഉപയോഗിച്ച് അഞ്ഞടിച്ചു. ശ്വാസം നിലച്ചു നിലം പതിച്ച സഖാവിനെ അയാൾ നിലത്തിട്ട് ചവിട്ടി ക്കൂട്ടി. പിന്നെ ആസഖാവ് എണീറ്റിട്ടില്ല. നിലത്തു കിടന്നു വലിഞ്ഞിഴഞ്ഞു മൂത്രം മുട്ടി പിടഞ്ഞു. ഈ മരണ വെപ്രാളത്തിനിടയിൽ ഒരു ദിവസം സഖാവ് പരമു നായരോട് ആ സഖാവ് ഇങ്ങനെ പറഞ്ഞു. ശൂരനാട്ടെ ആദ്യ പാർട്ടി സെല്ലിന്റെ സെക്രട്ടറിയായ പരമു നായരും മർദ്ദനമേറ്റ് അവശനായി സെല്ലിന്റെ മറ്റൊരു മൂലയിൽ കിടക്കുന്നുണ്ടായിരുന്നു. ” കൊച്ചാട്ടാ നമ്മൾ ഈ അനുഭവിക്കുന്നതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ , നമ്മളിൽ ആരെങ്കിലും ഒക്കെ ഇതിൽ നിന്നും പുറത്തു പോകുമോ? ആരെങ്കിലും രക്ഷപെട്ട് പുറത്തു പോകുന്നുണ്ടെങ്കിൽ അവർ ഒരു കാര്യം ചെയ്യണം രക്തസാക്ഷികൾക്കു വേണ്ടി ഒരു സ്മാരകം പറക്കടവിൽ ഉയരണം ” പുരുഷോത്തമക്കുറുപ്പ് അവശതയിലും ഇങ്ങനെ പറഞ്ഞു നിർത്തി. “ഈ ഇരുളൊക്കെ മാറും, പ്രകാശം പരക്കും, നമ്മളിൽ ആരെങ്കിലുമൊക്കെ ജീവനോടെ പുറത്ത് എത്തും ഇനി അങ്ങനെ എത്തിയില്ലെങ്കിലും രക്ത സാക്ഷികളെ ആരും മറക്കില്ല , അവർക്ക് സ്മാരകങ്ങൾ ഉണ്ടാക്കാൻ ആയിരങ്ങൾ ഉണ്ടാകും , രക്ത സാക്ഷിത്വങ്ങൾ ഒരിക്കലും വൃഥാവിലാകില്ല ” ഇങ്ങനെ പറഞ്ഞ് പരമു നായർ സഖാവിനെ ആശ്വസിപ്പിച്ചു. വേദന കൊണ്ട് പിടഞ്ഞ രാത്രി ആയിരുന്നു പുരുഷോത്തമക്കുറുപ്പിന് അന്നത്തെ രാത്രി. ആശുപത്രിയിൽ എത്തിക്കാൻ കൂടെയുള്ളവർ അധികാരികളോട് കേണു പറഞ്ഞിട്ടും ആരും ആ ശബ്ദങ്ങൾ കേട്ടതായി ഭാവിച്ചില്ല. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും കുടുകുടെ മൂത്രവും ചോരയും പഴുപ്പും കൂടി പോയി ആശ്വാസം തോന്നിയ സഖാവ് വലിഞ്ഞിഴഞ്ഞ് സെല്ലിന്റെ ഒരു മൂലയിൽ ചുരുണ്ടു മയങ്ങി. ആ ഉറക്കത്തിൽ നിന്ന് സഖാവ് ഉണർന്നില്ല. സഖാവ് പുരുഷോത്തമക്കുറുപ്പ് രക്തസാക്ഷിത്വം വരിച്ചു.
രക്തസാക്ഷികൾക്ക് സ്മാരകങ്ങൾ പലതുണ്ടെങ്കിലും പാറക്കടവിൽ രക്തസാക്ഷികൾക്കായി ജീവിക്കുന്ന ഒരു സ്മാരകം. അത് ഒരു ഗ്രന്ഥശാല ആയിരുന്നാൽ എക്കാലവും സജീവമായിരിക്കും എന്ന ആശയമായി രൂപപ്പെടുത്തിയത് സഖാവ് പരമു നായർ ആയിരുന്നു. മരണം വരെ പുസ്തകങ്ങളെ സ്നേഹിക്കുകയും എല്ലാ കാര്യങ്ങളും നന്നായി മനസിലാക്കുകയും ചെയ്ത സഖാവ് പരമു നായർ മരണം വരിക്കുന്നതിന് മുൻപ് പുരുഷോത്തമക്കുറുപ്പിന് നൽകിയ വാക്ക് പാലിക്കാൻ നിരവധി ഇടപെടലുകൾ നടത്തിയിരുന്നു.
എന്നാൽ തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ കാത്തു നിൽക്കാതെ സഖാവ് പരമു നായരും ഓർമ്മയായി. ഗ്രന്ഥശാലയ്ക്കായി രക്തസാക്ഷി സ്മാരക ആഡിറ്റോറിയത്തോട് ചേർന്ന് രണ്ട് സെന്റ് സ്ഥലം സ്വന്തമായി വാങ്ങിയിട്ടുമുണ്ട്.
ശൂരനാട് സമര സഖാക്കൾ എല്ലാം യാത്രയായെങ്കിലും അവർ ആഗ്രഹിച്ച ജീവിക്കുന്ന സ്മാരകം യാഥാർഥ്യമായതിന്റെ അഹ്ലാദത്തിലാണ് സഖാക്കളും .….
English Summary: A memorial to the immortal Sooranad martyrs is erected at Parakkadavu
You may like this video also